വനിതാ മതിലിനായി 50 കോടി ചെലവഴിക്കുന്നത് അഴിമതി: ചെന്നിത്തല

Webdunia
വ്യാഴം, 20 ഡിസം‌ബര്‍ 2018 (19:41 IST)
സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനായി 50 കോടി ചെലവഴിക്കുന്നത് അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സ്‌ത്രീ സുരക്ഷയ്‌ക്കായി മാറ്റിവച്ചിരിക്കുന്ന തുക മതിലിന് വേണ്ടി വകമാറ്റുന്നത് അംഗീകരിക്കില്ല. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സര്‍ക്കാര്‍ സംഘടിപ്പിക്കുന്നത് വർഗീയ മതിലാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

വനിതാ മതിലിൽ പങ്കെടുക്കാനായി കുടുംബശ്രീ, ആശാ വർക്കർമാർ അടക്കമുള്ളവരെ നിർബന്ധിക്കുകയാണ്. സർക്കാർ ഫണ്ട് ഉപയോഗിക്കില്ലെന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിച്ചു. പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ഈ തുക നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

വനിതാ മതിലിന്റെ പിന്നിലെ വർ‌ഗീയ അജൻഡ തുറന്നു കാട്ടിയ എന്‍എസ്എസിനെ സിപിഎം അപമാനിക്കുകയാണ്. മതിലില്‍ നിന്നും പിന്മാറിയവരെ പരിഹസിക്കുന്ന നടപടി തുടരുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

കേരളത്തിന്റെ നവോത്ഥാന പ്രസ്ഥാനത്തിന് അമൂല്യ സംഭാവനകള്‍ നല്‍കിയ ന്യൂനപക്ഷങ്ങളെ ഒഴിവാക്കിക്കൊണ്ടു നിര്‍മിക്കുന്ന വര്‍ഗ്ഗീയ മതില്‍ സംസ്ഥാനത്ത് സമുദായികവും വര്‍ഗീയവുമായ ധ്രൂവീകരണത്തിനാവും വഴി ഒരുക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article