പിന്നില്‍ സിപിഎമ്മോ ?; നോട്ടീസ് വിവാദത്തില്‍ നീക്കം ശക്തമാക്കി കെഎം ഷാജി - ഡിജിപിയെ കാണും
ശനി, 15 ഡിസംബര്‍ 2018 (09:39 IST)
തെരഞ്ഞെടുപ്പിൽ വിജയിക്കാൻ വര്‍ഗീയ പ്രചരണം നടത്താന്‍ നോട്ടിസ് പുറത്തിറക്കിയെന്ന ആരോപണത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎം ഷാജി.
കേസ് രജിസ്റ്റര്‍ ചെയ്ത് നോട്ടിസിന്റെ ഉറവിടവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഷാജി സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നല്‍കും.
നോട്ടിസ് പൊലീസിന് എത്തിച്ചുനൽകിയത് സിപിഎം പ്രവർത്തകനാണെന്നും, ഇയാളെ ചോദ്യംചെയ്തു തെളിവെടുക്കണമെന്നുമാണ് ഡിജിപിക്ക് നല്കുന്ന പരാതിയില്‍ ഷാജി പ്രധാനമായും ഉന്നയിക്കുക.
മണ്ഡലത്തിന്റെ മറ്റു ചില ഭാഗങ്ങളിൽ സമാന നോട്ടിസുകൾ കണ്ടെന്ന് വ്യക്തമാക്കുന്നത് സിപിഎമ്മുകാരാണ്. അവരെ ചോദ്യംചെയ്തു തെളിവെടുക്കണമെന്നും ഷാജി ആവശ്യപ്പെടുന്നുണ്ട്.
വർഗീയച്ചുവയുള്ള നോട്ടിസ് സിപിഎം പ്രവർത്തകൻ അബ്ദുൽ നാസർ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചുനൽകിയതാണെന്നു വ്യക്തമാക്കുന്ന പൊലീസ് മഹസർ കഴിഞ്ഞ ദിവസം പുറത്തുവന്ന സാഹചര്യത്തിലാണ് ഷാജി കൂടുതല്‍ നിയമ നടപടിക്ക് ഒരുങ്ങുന്നത്.