ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി, വഴി തടയൽ അനുവദിക്കില്ലെന്ന് ഡിജിപി; അക്രമം നടത്തിയാൽ അറസ്റ്റ്

വെള്ളി, 14 ഡിസം‌ബര്‍ 2018 (08:43 IST)
സംസ്ഥാനത്ത് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ഇന്നു രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചു സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന പന്തലിനു സമീപം തീകൊളുത്തി ആത്മാഹുതി ചെയ്ത മുട്ടട സ്വദേശി വേണുഗോപാലന്‍ നായരോടുള്ള ആദര സൂചകമായാണു ഹര്‍ത്താല്‍.
 
അതേസമയം, ഏതെങ്കിലും വിധത്തിലുളള അക്രമത്തില്‍ ഏര്‍പ്പെടുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്ന ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോൿനാഥ് ബെഹ്‌റ വ്യക്തമാക്കി. അക്രമത്തിന് മുതിരുകയോ നിര്‍ബന്ധമായും കടകളും സ്ഥാപനങ്ങളും അടപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നവരെ ഉടനടി അറസ്റ്റ് ചെയ്യുമെന്നും വഴിതടയൽ അനുവദിക്കില്ലെന്നും ഡിജിപി അറിയിച്ചു.
 
ഹര്‍ത്താലിനെ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള അര്‍ധ വാര്‍ഷിക പരീക്ഷകള്‍ ഈ മാസം 21ലേക്കാണ് മാറ്റിയത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍