പ്രതീക്ഷിച്ച അതിതീവ്ര മഴ പെയ്യാത്തതിന്റെ ആശ്വാസത്തിലാണ് കേരളത്തിലെ ജനങ്ങൾ ഇപ്പോൾ. രണ്ട് ദിവസം കൂടി മഴ തുടരുമെങ്കിലും അത് കനത്ത മഴ ആയിരിക്കാൻ സാധ്യതയില്ലെന്നാണ് അറിയിപ്പുകൾ. മഴ തീവ്രമായിരിക്കും എന്ന് മുന്നറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് കാലാവസ്ഥാ വകുപ്പ് ഇടുക്കിയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ചെറുതോണി ഡാമിലെ ഒരു ഷട്ടർ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുകയും ചെയ്‌തിരുന്നു. ആശങ്ക ഒഴിവാക്കാനുള്ള മുൻകരുതലായിരുന്നു ഇത്.
എന്നാൽ, തുലാവർഷം വരുന്നതിനാൽ ചില ഡാമുകളുടെ ഷട്ടറുകൾ തുറന്നുവെക്കാനാണ് വൈദ്യുതി ബോർഡിന്റെ തീരുമാനം. അതേസമയം, അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അകന്നുപോയതാണ് കേരളത്തിൽ മഴ കുറയാൻ കാരണം. ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ ഇടുക്കിയിലും വയനാടും ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതിതീവ്രമഴയുടെ ആശങ്കപരത്തി അറബിക്കടലിൽ മിനിക്കോയിക്ക് അടുത്ത് രൂപംകൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ച് തെക്കുപടിഞ്ഞാറേക്ക് നീങ്ങുകയാണ്. ഇതിനിയും ചുഴലിക്കാറ്റായി മാറിയിട്ടില്ല. ഇത് തിങ്കളാഴ്ചയോടെ ‘ലുബാൻ’ ചുഴലിക്കാറ്റായി യെമെൻ-ഒമാൻ തീരത്തേക്ക് നീങ്ങുമെന്നാണ് വിലയിരുത്തൽ.