കാലടി മറ്റൂര്‍ തൃക്കയില്‍ മഹാദേവ ക്ഷേത്രത്തില്‍ യന്ത്ര ആനയെ നടക്കിരുത്തി നടി പ്രിയാമണി. മൃഗസ്നേഹികളുടെ സംഘടനയായ പെറ്റയുമായി ചേര്‍ന്നാണ് താരം ക്ഷേത്രത്തിന് യന്ത്ര ആനയെ സംഭാവന ചെയ്തത്. അമ്പലമുറ്റത്ത് നടയിരുത്തിയ ഈ ആനയാകും ഇനി ക്ഷേത്രചടങ്ങുകളുടെ ഭാഗമാവുക. യഥാര്‍ഥ ആനയുടെ രീതിയില്‍ തന്നെയാണ് യന്ത്ര ആനയെ തയ്യാറാക്കിയിരിക്കുന്നത്. 3 മീറ്റര്‍ ഉയരവും 800 കിലോ തൂക്കവും ഈ യന്ത്ര ആനയ്ക്കുണ്ട്.
ക്ഷേത്രത്തിലേക്ക് ആനയെ സംഭാവന ചെയ്യാനായതില്‍ സന്തോഷമുള്ളതായി പ്രിയാമണി പ്രതികരിച്ചു. സുരക്ഷിതമായി വിശ്വാസികള്‍ക്ക് ഇതിലൂടെ ആചാരങ്ങളുടെ ഭാഗമാകാമെന്നും താരം പറഞ്ഞു. വടക്കന്‍ പറവൂരിലെ ആനമേക്കര്‍ സ്റ്റുഡിയോ ആണ് ആനയെ നിര്‍മിച്ചിരിക്കുന്നത്. അഞ്ച് ലക്ഷം രൂപ ചെലവിലാണ് ആനയെ നിര്‍മിച്ചത്. തൃശൂര്‍ ഇരിങ്ങാടപ്പിള്ളി ക്ഷേത്രത്തിലേക്കായിരുന്നു ഇവര്‍ ആദ്യമായി ഇത്തരത്തില്‍ യന്ത്രയാനയെ നിര്‍മിച്ചത്. ഇതിന് പിന്നാലെയാണ് തൃക്കയില്‍ മഹാദേവ ക്ഷേത്രത്തിലേക്കും ഓഡര്‍ ലഭിച്ചത്.