'മഴ മഴ കുട കുട, മഴ വന്നാല്‍ പോപ്പി കുട'; ടി.വി.സ്‌കറിയ ഓര്‍മയാകുമ്പോള്‍

തിങ്കള്‍, 19 ഏപ്രില്‍ 2021 (17:44 IST)
ഒരു തലമുറയെ മുഴുവന്‍ 'കുട'ക്കീഴില്‍ കാത്ത പോപ്പി അംബ്രല്ല മാര്‍ട്ട് ഉടമ ടി.വി.സ്‌കറിയയുടെ മരണം മലയാള ടെലിവിഷനിലെ പരസ്യരംഗത്തെ നൊസ്റ്റാള്‍ജിയയിലേക്ക് നയിക്കുന്നു. പോപ്പി കുടയുടെ പരസ്യങ്ങള്‍ അത്രത്തോളം മലയാളിയെ സ്പര്‍ശിക്കുന്നതായിരുന്നു. ടെലിവിഷനില്‍ പോപ്പി കുടയുടെ പരസ്യം കണ്ട് ആ കുട തന്നെ വേണമെന്ന് പറഞ്ഞ് വാശിപിടിച്ച എത്രയെത്ര ബാല്യങ്ങളുണ്ടാകും! 
 
കുടനിര്‍മാണ സംരംഭത്തിന്റെ കുലപതിയാണ് ടി.വി.സ്‌കറിയ അഥവാ പ്രിയപ്പെട്ടവരുടെ ബേബിച്ചായന്‍. സെന്റ് ജോര്‍ജ് കുടക്കമ്പനിയെ പടുത്തുയര്‍ത്തിയ സമയത്ത് അദ്ദേഹം സെന്റ് ജോര്‍ജ് ബേബി എന്നാണ് അറിയപ്പെട്ടിരുന്നത്. അതിനുശേഷമാണ് പോപ്പിക്ക് രൂപം നല്‍കിയത്. കുടയെ ജനകീയമാക്കിയതില്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. 
 
സെന്റ്.ജോര്‍ജ് കുടക്കമ്പനിയേക്കാള്‍ വലിയ രീതിയില്‍ പോപ്പി വളര്‍ന്നു. പോപ്പിയുടെ പരസ്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. മൂത്തമകന്‍ ഡേവിസ് പോപ്പിയെ തന്റെ സാമ്രാജ്യം ഏല്‍പ്പിച്ചാണ് ടി.വി.സ്‌കറിയ എന്ന ബേബിച്ചായന്‍ വിട പറഞ്ഞിരിക്കുന്നത്. 
 
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ടി.വി.സ്‌കറിയ അന്തരിച്ചത്. 82 വയസ്സായിരുന്നു. സംസ്‌കാരം ബുധനാഴ്ച 11 ന് പഴവങ്ങാടി മാര്‍ സ്ലീവാ പള്ളിയില്‍ നടക്കും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍