തൃശൂര്‍ പൂരത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമായി. ആഘോഷവും ആരവവും ഇല്ലാതെ തന്നെ ചടങ്ങുകള്‍ മാത്രമായി ഇത്തവണയും പൂരം നടക്കും. പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് അന്തിമ തീരുമാനം എടുത്തത്. ജില്ലയില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി 21.97 ശതിമാനത്തിലെത്തിയതാണ് തീരുമാനത്തിനു പിന്നിലെ പ്രധാന കാരണം.
പൂരം നടത്തിപ്പില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു തുടക്കം മുതല്‍ ദേവസ്വങ്ങള്‍. എന്നാല്‍ കൊവിഡ് കടുംപിടുത്തം പിടിച്ചതോടെ തീരുമാനത്തില്‍ അയവു വരുത്തുകയായിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം നടത്തിപ്പ് സംബന്ധിച്ച് ശുപാര്‍ശ സമര്‍പ്പിക്കുന്നതിനായി ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മേല്‍ ചെയര്‍മാനായുള്ള മെഡിക്കല്‍ വിദഗ്ധ സമിതിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്.