V.S.Achuthanandan: വി.എസ് ഗുരുതരാവസ്ഥയില്‍ തുടരുന്നു; വെന്റിലേറ്ററില്‍ തന്നെ

രേണുക വേണു

ചൊവ്വ, 1 ജൂലൈ 2025 (06:42 IST)
V.S.Achuthanandan: ഹൃദയാഘാതത്തെ തുടര്‍ന്നു പട്ടം എസ്.യു.ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിലാണ് അദ്ദേഹം ഇപ്പോള്‍. 
 
എസ്.യു.ടി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘത്തിനു പുറമെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ഏഴ് ഡോക്ടര്‍മാരടങ്ങുന്ന വിദഗ്ധ സംഘം വി.എസിന്റെ ചികിത്സയ്ക്കു എത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്ന് ഇന്നലെയാണ് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ധ സംഘം എത്തിയത്. ഇപ്പോള്‍ നല്‍കിവരുന്ന വെന്റിലേറ്റര്‍ സപ്പോര്‍ട്ട്, സി.ആര്‍.ആര്‍.ടി, ആന്റിബയോട്ടിക് തുടങ്ങിയ ചികിത്സകള്‍ തുടരാനും ആവശ്യമെങ്കില്‍ ഉചിതമായ മാറ്റം വരുത്താനുമാണ് മെഡിക്കല്‍ സംഘത്തിന്റെ തീരുമാനം. മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലായിട്ടില്ല.

പട്ടം എസ്.യു.ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് വി.എസ് ചികിത്സയില്‍ കഴിയുന്നത്. കാര്‍ഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇന്റന്‍സിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ സ്പെഷ്യലിസ്റ്റുകളുടെ ഒരു സംഘമാണ് ചികിത്സയ്ക്കു നേതൃത്വം നല്‍കുന്നത്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജൂണ്‍ 23 തിങ്കളാഴ്ച ഉച്ചയോടെയാണ് വി.എസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. 
 
101 വയസ് പിന്നിട്ട അച്യുതാനന്ദന്‍ 2006 മുതല്‍ 2011 വരെയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിച്ചത്. 2011 മുതല്‍ 2016 വരെ പ്രതിപക്ഷ നേതാവ് ആയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍