കവിയും സ്വാതന്ത്ര്യസമര സേനാനിയുമായ പുതുശ്ശേരി രാമചന്ദ്രൻ അന്തരിച്ചു

Webdunia
ശനി, 14 മാര്‍ച്ച് 2020 (18:02 IST)
തിരുവനന്തപുരം: കവിയും സ്വാതന്ത്ര്യസമര സേനാനിയുമായ പുതുശ്ശേരി രാമചന്ദ്രന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മലയാളത്തിന് സ്രേഷ്ഠ ഭാഷ പദവി ലഭിച്ചതിൽ വലിയ പങ്കുവഹിച്ച ആളാണ് പുതുശേരി രാമചന്ദ്രൻ. 
 
1942 ആഗസ്റ്റ് 9നു ക്വിറ്റിന്ത്യ സമരത്തിലൂടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിനു 1947 ന് സ്കൂളിൽ നിന്നും പുറത്താക്കി. 1947 ആഗസ്റ്റ് പതിനഞ്ചിന് അതേ സ്കൂളിൽ തന്നെ പതാക ഉയര്‍ത്തുകയും ചെയ്തു. തിരുവിതാംകൂര്‍ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് ആക്ഷന്‍ കമ്മിറ്റി അംഗം, മാവേലിക്കര താലൂക്ക് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ചേർന്ന് പ്രവർത്തിച്ച കാലത്ത് നിരവധി തവണ അറസ്റ്റിനും പൊലീസ് നടപടിക്കും ഇരായായിട്ടുണ്ട്.
 
രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന കാലത്ത് തന്നെ എഴുത്തിലും സജീവമായിരുന്നു. പിന്നിട് വര്‍ക്കല എസ്‌എന്‍ കോളജില്‍ അധ്യാപനായി. നിരവധി പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഗ്രാമീണ ഗായകന്‍, ആവുന്നത്ര ഉച്ചത്തില്‍, ശക്തിപൂജ, പുതിയ കൊല്ലനും പുതിയൊരാലയും, ഈ വീട്ടില്‍ ആരുമില്ലേ, എന്റെ സ്വാതന്ത്ര്യസമര കവിതകള്‍, പുതുശ്ശേരി കവിതകള്‍ എന്നിവയാണ് ശ്രദ്ധേയമായി പുസ്തകങ്ങള്‍. എഴുത്തച്ഛന്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article