യെച്ചൂരിക്ക് മാത്രം 'കൈ', ദൈവനാമത്തില്‍ വീണ, എകെജിയുടെ വാക്കുകള്‍ മുരളിയുടെ ശബ്ദത്തില്‍, വിശിഷ്ടാതിഥിയായി സുബൈദ; സത്യപ്രതിജ്ഞാ ചടങ്ങിലെ ചില കൗതുക കാഴ്ചകള്‍

Webdunia
വ്യാഴം, 20 മെയ് 2021 (19:21 IST)
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ചരിത്രത്തില്‍ ഇടംപിടിക്കുകയാണ്. സത്യപ്രതിജ്ഞാ ചടങ്ങിലെ പല കാഴ്ചകളും മലയാളികള്‍ക്ക് കൗതുകമായി. 
 
നവകേരള ഗീതാജ്ഞലിയോടെയാണ് സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിച്ചത്. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ കൂറ്റന്‍ സ്‌ക്രീനില്‍ ആദ്യം മമ്മൂട്ടി പ്രത്യക്ഷപ്പെട്ടു. നവകേരള ഗീതാജ്ഞലിയുടെ ആമുഖം മമ്മൂട്ടിയായിരുന്നു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിനു മമ്മൂട്ടി ആശംസകള്‍ നേര്‍ന്നു. പിന്നീട് 'ഇത് രണ്ടാമൂഴം' എന്നു തുടങ്ങുന്ന ഗീതാജ്ഞലി കൊട്ടിക്കയറി. യേശുദാസ് മുതല്‍ പുതുമുഖ ഗായകര്‍ വരെ അണിനിരന്നു. എ.ആര്‍.റഹ്മാന്‍ അടക്കമുള്ള പ്രതിഭകള്‍ വീഡിയോ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടു. ഗീതാജ്ഞലിക്കായി യേശുദാസ് വീഡിയോ റെക്കോര്‍ഡ് ചെയ്ത് അയച്ചത് അമേരിക്കയില്‍ നിന്ന് ! 


എ.കെ.ജിയുടെ ആത്മകഥയില്‍ നിന്നുള്ള ഒരു ഭാഗം അന്തരിച്ച നടന്‍ മുരളിയുടെ ശബ്ദത്തില്‍ കേട്ടത് സദസിനെയും വേദിയെയും സത്യപ്രതിജ്ഞ ചടങ്ങ് ദൃശ്യമാധ്യമങ്ങളിലൂടെയും കണ്ടിരുന്നവരെയും ആവേശത്തിലാക്കി. 
 
സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് മന്ത്രിമാര്‍ ഓരോരുത്തരായി എത്തി. മുഖ്യമന്ത്രി പിണറായി വിജയനാണ് അവസാനം എത്തിയത്. 300 ല്‍ താഴെ ആളുകള്‍ മാത്രമാണ് കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒത്തുകൂടിയത്. ഓരോ നിരയിലുമുള്ള ആളുകളുടെ അടുത്തേക്ക് പോയി പിണറായി കൈ കൂപ്പി. എല്ലാവരോടും സ്‌നേഹം പരസ്യമാക്കി, ഇതുവരെ നല്‍കിയ പിന്തുണ തുടരണമെന്ന് അഭ്യര്‍ഥിച്ചു. 
 
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വന്നപ്പോള്‍ പിണറായി സ്വാഗതം ചെയ്തു. തുടര്‍ന്ന് പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്തു. സദസിനെ നോക്കി കൈ വീശിയാണ് പിണറായി വേദിയിലേക്ക് കയറിയത്. അതുവരെ ആര്‍ക്കും ഹസ്തദാനം നല്‍കാതിരുന്ന പിണറായി വിജയന്‍ സദസില്‍ ഒന്നാം നിരയില്‍ ഇരിക്കുന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കൈ കൊടുത്തു. ഇരുവരും അല്‍പ്പനേരം സംസാരിച്ചു. പിണറായി വിജയന് യെച്ചൂരി ആശംസകള്‍ അറിയിച്ചു. 
 
സഗൗരവമാണ് പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്തത്. പിണറായിക്ക് ശേഷം റവന്യു മന്ത്രി കെ.രാജന്‍ (സിപിഐ) സത്യപ്രതിജ്ഞ ചെയ്തു. വീണ ജോര്‍ജ്ജാണ് അവസാനം സത്യപ്രതിജ്ഞ ചെയ്തത്. സിപിഎം അംഗങ്ങളില്‍ വീണ ജോര്‍ജ്ജ് മാത്രമാണ് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. പത്തനംതിട്ട ഏരിയാ കമ്മിറ്റി അംഗം കൂടിയായ വീണ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. 



ഇടതുപക്ഷത്തെ ധീരമായി നയിച്ച പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എ.വിജയരാഘവന്‍ തുടങ്ങിയവര്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പം ഒറ്റ ഫ്രെയ്മില്‍ വന്ന ചിത്രം ഏറെ ശ്രദ്ധേയമായി. സോഷ്യല്‍ മീഡിയയില്‍ അടക്കം ഈ ചിത്രം വൈറലായി. 
 
പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ സത്യപ്രതിജ്ഞയും ശ്രദ്ധേയമായി. ഭാര്യ വീണ വിജയന്‍ സദസിലിരുന്ന് മുഹമ്മദ് റിയാസിന്റെ സത്യപ്രതിജ്ഞ ഫോണില്‍ പകര്‍ത്തുകയായിരുന്നു.
 
തന്റെ ജീവിതവരുമാനമായ ആടിനെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയ സുബൈദയും പിണറായി സര്‍ക്കാരിന്റെ വിശിഷ്ടാതിഥിയായി സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.  

 

അനുബന്ധ വാര്‍ത്തകള്‍

Next Article