പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വീണ പെണ്‍കുട്ടികളില്‍ ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന പട്ടിക്കാട് പാറാശേരി സ്വദേശികളായ സജി - സെറീന ദമ്പതികളുടെ മകള്‍ ആന്‍ ഗ്രേസ് (16) ആണു മരിച്ചത്. തൃശൂര്‍ സെന്റ് ക്ലയേഴ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. അപകടത്തില്‍ ഇതോടെ മരണം രണ്ടായി.
പട്ടിക്കാട് ചുങ്കത്ത് ഷാജന്‍ - സിജി ദമ്പതികളുടെ മകള്‍ അലീന (16) യാണു ആദ്യം മരിച്ചത്. കൂട്ടുകാരിയുടെ വീട്ടില്‍ തിരുനാളാഘോഷിക്കാനെത്തിയ മൂന്ന് പേരുള്‍പ്പെടെ 4 പേരാണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാര്‍ 4 പേരെയും രക്ഷിച്ച് ആശുപത്രിയിലെത്തിച്ചുവെങ്കിലും പുലര്‍ച്ചെ 12.30ന് അലീന മരിച്ചു. സെല്‍ഫിയെടുക്കാന്‍ കൈവഴിയില്‍ ഇറങ്ങിയതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
പട്ടിക്കാട് പുളയിന്‍മാക്കല്‍ ജോണി - സാലി ദമ്പതികളുടെ മകള്‍ നിമ (12), മുരിങ്ങത്തു പറമ്പില്‍ ബിനോജ് - ജൂലി ദമ്പതികളുടെ മകള്‍ എറിന്‍ (16) എന്നിവരാണ് അപകടത്തില്‍പെട്ട മറ്റു കുട്ടികള്‍. ഗുരുതരാവസ്ഥയിലുള്ള ഇവര്‍ തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുന്നു.