‘അപമാനിച്ചു, ഭീഷണിപ്പെടുത്തി’; പാലായില്‍ യുഡിഎഫിനൊപ്പം പ്രചാരണത്തിനില്ലെന്ന് ജോസഫ് വിഭാഗം
ശനി, 7 സെപ്‌റ്റംബര്‍ 2019 (13:59 IST)
പാലായില്‍ യുഡിഎഫിനൊപ്പമുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പിജെ ജോസഫ് വിഭാഗം. പാലായിൽ ജോസ് കെ മാണി വിഭാഗത്തിനൊപ്പം ഒരുമിച്ച് പ്രചാരണത്തിനിറങ്ങില്ലെന്ന് ജോസഫ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് കൺവെൻഷനിൽ ജോസഫിനെ ജോസ് കെ മാണി പക്ഷം അപമാനിച്ച സാഹചര്യത്തിലാണ് തീരുമാനമെന്നും ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അറിയിച്ചു.
ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിലും പരാതി നൽകിയിട്ടുണ്ട്. യുഡിഎഫ് ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിനൊപ്പം പ്രവര്‍ത്തിക്കാനില്ല. എന്നാല്‍ ജോസ് ടോം ഞങ്ങളുടെ കൂടി സ്ഥാനാര്‍ഥിയായതിനാല്‍ സമാന്തരമായി പ്രവര്‍ത്തിക്കുമെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. പാലായില്‍ പ്രചാരണത്തിനെത്തരുതെന്ന് ജോസഫിനോട് പാര്‍ട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
യുഡിഎഫ് കൺവെൻഷനിൽ ജോസഫിനെ കൂക്കിവിളിച്ച നടപടി വിവാദമായതിന് പിന്നാലെ കേരളാ കോൺഗ്രസ് മുഖപ്രസംഗമായ പ്രതിച്ഛായയിൽ ജോസഫിനെതിരെ ലേഖനം വന്നതും പ്രതിസന്ധി രൂക്ഷമാക്കി. ഈ സാഹചര്യത്തിൽ ഒരുമിച്ച് പ്രചാരണം നടത്താനാവില്ലെന്നാണ് ജോസഫിന്റെ പ്രതികരണം.