ജോസ് ടോമിന്റെ പാർട്ടി പത്രിക തള്ളി; പാലായിൽ സ്വതന്ത്രനായി മത്സരിക്കും - വിമതനെ പിന്‍വലിച്ച് ജോസഫ്
വ്യാഴം, 5 സെപ്‌റ്റംബര്‍ 2019 (17:13 IST)
പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന്റെ പത്രിക തള്ളി. കേരള കോൺഗ്രസ് (എം) സ്ഥാനാർഥിയെന്ന നിലയിൽ നൽകിയ പത്രികയാണ് ജില്ല വരണാധികാരി തള്ളിയത്. അതേസമയം, സ്വതന്ത്ര സ്ഥാനാർഥിയായി നൽകിയ പത്രിക സ്വീകരിച്ചു.
ഇരു വിഭാഗത്തില്‍ നിന്നും തര്‍ക്കം ഉയര്‍ന്ന സാഹചര്യത്തില്‍ വരണാധികാരി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ നിര്‍ദേശം തേടിയിരുന്നു. കേരള കോൺഗ്രസ് (എം) എന്ന നിലയിൽ നൽകിയ പത്രികയാണ് തള്ളിയത്. എന്നാൽ, ഏത് ചിഹ്നത്തിലും മത്സരിക്കുമെന്ന് ജോസ് ടോം വ്യക്തമാക്കി. വിമതൻ ജോസ് കണ്ടത്തിൽ നൽകിയ പത്രിക പിൻവലിച്ചു.
ഇതോടെ പാലാ മണ്ഡലത്തിൽ രണ്ടില ചിഹ്നത്തിൽ കേരളാ കോൺഗ്രസിന് സ്ഥാനാര്‍ഥിയില്ലാതായി. കേരളാ കോൺഗ്രസിന്‍റെ വര്‍ക്കിംഗ് ചെയര്‍മാൻ എന്ന നിലയിൽ പിജെ ജോസഫ് രണ്ടില ചിഹ്നം അനുവദിച്ചിട്ടില്ല. അതുകൊണ്ട് കേരളാ കോൺഗ്രസിന്‍റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി അംഗീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്.
കേരള കോൺഗ്രസിലെ ജോസ് കെ മാണി, പിജെ ജോസഫ് വിഭാഗങ്ങൾ തമ്മിൽ ചിഹ്നത്തിനായി കടുത്ത വടംവലിയാണ് നടത്തിയത്. ഇതില്‍ ആദ്യ വിജയം സ്വന്തമാക്കിയത് ജോസഫ് ആണെന്നതില്‍ സംശയമില്ല.