അന്യസംസ്ഥാന തൊഴിലാളിയായ 30 കാരി വെട്ടേറ്റു മരിച്ചതുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിക്കാനം കള്ളിമാലി എസ്റ്റേറ്റ് തൊഴിലാളിയായ സബിത മാജിയാണു വെട്ടേറ്റു മരിച്ച നിലയില്‍ കാണപ്പെട്ടത്.
എസ്റ്റേറ്റ് തൊഴിലാളിയായ ഭര്‍ത്താവ് കുന്തന്‍ മാജിക്കൊപ്പം കഴിഞ്ഞ ഒരു വര്‍ഷമായി ഇവിടെ കഴിയുകയായിരുന്നു. രണ്ട് കുട്ടികളുള്ള ഇവരുടെ മൂത്ത കുട്ടി ഒഡീഷയിലാണുള്ളത്. ഞായറാഴ്ച പുറംജോലിക്ക് പോയി തിരിച്ചുവന്നപ്പോഴാണ് ഭാര്യയെ കാണാതായ വിവരം കുന്തന്‍മാജി അറിഞ്ഞ് തിരക്കിയത്.
അവധി ദിവസങ്ങളില്‍ സബിത അടുത്തുള്ള കുറ്റിക്കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോകുന്നത് അറിയാമായിരുന്ന കുന്തന്മാജിയും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സബിതയെ പത്തോളം വെട്ടേറ്റ് വിവസ്ത്രയായി മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതി ബലാല്‍സംഗത്തിന് ഇരയായിട്ടുണ്ടോ എന്ന് സംശയമുള്ളതായി പൊലീസ് അറിയിച്ചു. ഇടുക്കി എസ്.പി എ വിജോര്‍ജ്ജിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.