അഞ്ചു ദിവസമായി ബാങ്കില്‍ കയറിയിറങ്ങുന്നു; നോട്ട് കിട്ടാനില്ല; കുപിതരായ ജനം ബാങ്ക് പൂട്ടിച്ചു

Webdunia
ചൊവ്വ, 29 നവം‌ബര്‍ 2016 (14:17 IST)
നോട്ട് അസാധുവാക്കലിന് ശേഷം ദിവസങ്ങളോളം ബാങ്കുകളില്‍ കാത്തിരുന്നിട്ടും സാധുവായ നോട്ടുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ആളുകള്‍ ക്ഷുഭിതരായി. കോഴിക്കോട് ജില്ലയിലെ വിലങ്ങാട്, പേരാമ്പ്ര എന്നിവിടങ്ങളിലാണ് സംഭവം. നോട്ടുകള്‍ മാറി ലഭിക്കാത്തതില്‍ ക്ഷുഭിതരായ ജനം രണ്ട് ബാങ്കുകള്‍ പൂട്ടിച്ചു.
 
വിലങ്ങാട് ഗ്രാമീണ്‍ ബാങ്കും പേരാമ്പ്രയിലെ സിന്‍ഡിക്കേറ്റ് ബാങ്ക് ശാഖയുമാണ് പണമില്ലാത്തതിനെ തുടര്‍ന്ന് ജനം ഇടപെട്ട് അടപ്പിച്ചത്. രണ്ടു ബാങ്കുകളിലും പണം മാറിയെടുക്കാന്‍ നിരവധി പേരാണ് കഴിഞ്ഞ അഞ്ചു ദിവസങ്ങളില്‍ എത്തിയത്. എന്നാല്‍, പണം മാറ്റി നല്കാനോ പിന്‍വലിക്കാനോ സാധിക്കില്ലെന്ന് അറിയിച്ച ബാങ്ക് ജീവനക്കാര്‍ പണം നിക്ഷേപിക്കാന്‍ മാത്രമേ പറ്റൂ എന്നും വ്യക്തമാക്കി.
 
ചൊവ്വാഴ്ച രാവിലെയും പണത്തിനായി നിരവധി ആളുകള്‍ ദീര്‍ഘനേരം ബാങ്കിലെത്തി കാത്തിരുന്നു. എന്നാല്‍, ഒടുവില്‍ പണം ലഭിക്കില്ല എന്നറിഞ്ഞതോടെ ഇവര്‍ രോഷാകുലരാകുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ട ആളുകള്‍ പിന്നീട് ബാങ്കുകള്‍ ബലമായി അടപ്പിക്കുകയായിരുന്നു.
 
സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. പൊലീസ് ആളുകളെ അനുനയിപ്പിച്ചതിനെ തുടര്‍ന്ന് ബാങ്കുകള്‍ വീണ്ടും തുറന്നു. ജീവനക്കാര്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് മാത്രമാണ് പണം ലഭിക്കുന്നത് എന്നായിരുന്നു നാട്ടുകാരുടെ ആരോപണം.
Next Article