'മൂന്നാറിലെ കൈയേറ്റ ഭൂമി: സംസ്ഥാനത്തിന്റെ താല്‍‌പര്യം സംരക്ഷിച്ച് നടപടി’

Webdunia
ശനി, 26 ജൂലൈ 2014 (19:20 IST)
മൂന്നാര്‍ കൈയേറ്റ ഭൂമി ഒഴിപ്പിക്കുന്നത് സംബന്ധിച്ച് സംസ്ഥാനത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്ന നടപടി മാത്രമേ സര്‍ക്കാര്‍ കൈക്കൊള്ളുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മൂന്നാറില്‍ റിസോര്‍ട്ടുകള്‍ പൊളിച്ച് ഏറ്റെടുത്ത ഭൂമി തിരിച്ചുനല്‍കണമെന്ന ഹൈക്കോടതി ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  
 
കോടതിവിധി അനുകൂലമാണെങ്കില്‍ ജഡ്ജിക്ക് സിന്ദാബാദ് വിളിക്കുകയും എതിരാകുമ്പോള്‍ ചീത്ത വിളിക്കുകയും ചെയ്യുന്നതല്ല സര്‍ക്കാരിന്റെ നയം. മൂന്നാര്‍ കൈയേറ്റം സംബന്ധിച്ച ഹൈക്കോടതി വിധി പഠിച്ചശേഷം സര്‍ക്കാര്‍ വേണ്ട നടപടികള്‍ കൈക്കൊള്ളും. കോടതിയോട് സര്‍ക്കാരിന് അങ്ങേയറ്റം ബഹുമാനമാണുള്ളത്. വിധിന്യായം പഠിച്ചശേഷം വേണ്ട നടപടി കൈക്കൊണ്ട് മുന്നോട്ടുപോകും. മൂന്നാര്‍ ഓപ്പറേഷനില്‍ തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ അത് തിരുത്തും. അപ്പീല്‍ പോവുകയാണ് വേണ്ടതെങ്കില്‍ അങ്ങനെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
പ്ലസ്ടു അധിക ബാച്ച് അനുവദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ അഴിമതിയൊന്നും നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.