മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനുള്ള സാധ്യതാപഠനം നടത്താന്‍ കേരളത്തിന് അനുമതി. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നല്‍കിയത്. പദ്ധതിപ്രദേശത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ പഠനം നടത്താം. കൂടുതല്‍ വനപ്രദേശം നഷ്ടമാകില്ലെന്ന് കേരളം അറിയിച്ചിരുന്നിരുന്നു.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നുള്ളത് കേരളം വളരെക്കാലമായി ഉന്നയിച്ചുവരുന്ന ആവശ്യമാണ്. എന്നാല്‍ തമിഴ്നാടിന്റെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് യാതൊരുവിധ നടപടികളുമെടുക്കാന്‍ കേരളത്തിന് സാധിച്ചിട്ടില്ല. പുതി അണക്കെട്ട് നിര്‍മിച്ചാല്‍ ജലം ലഭിക്കില്ലെന്നു പറഞ്ഞാണ് തമിഴ്നാട് നിര്‍മാണം തടയുന്നത്.
മുല്ലപ്പെരിയാര്‍ കൂടാതെ കൊച്ചിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് എല്‍പിജി ലൈന്‍ സ്ഥാപിക്കാനും മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച ഭരണഘടനാ ബെഞ്ച് വിധിക്കെതിരെ കേരളം നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീം കോടതി തീരുമാനം വരാനിരിക്കേയാണ് കേരളത്തിന് പ്രതീക്ഷ നല്‍കുന്ന തീരുമാനം കേന്ദ്രത്തില്‍ നിന്നുണ്ടായത്.