ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാറിൽ നിന്ന് വൻതോതിൽ വെള്ളം തുറന്നുവിടുന്നു. 12,654 ഘനയടി വെള്ളമാണ് തുറന്നുവിടുന്നത്. രാത്രി എട്ടരയോടെയാണ് 9 ഷട്ടറുകൾ 120 സെന്റീമീറ്റർ ഉയർത്തിയത്.
സീസണിൽ മുല്ലപ്പെരിയാറിൽ തുറന്നുവിടുന്ന ഏറ്റവും കൂടുതൽ അളവ് ജലമാണിത്. പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. അതേസമയം വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ഇടുക്കി അണക്കെട്ടിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിൽ 2401 അടിയാണ് ഡാമിലെ ജലനിരപ്പ്.
മുല്ലപ്പെരിയാറിൽ നിന്നും ജലം ഒഴുകിയെത്തുന്നതും സംഭരണിയിലെ ജലനിരപ്പ് ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതെന്ന് ജില്ലാ ഭരണഗൂഡം അറിയിച്ചു. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും പെരിയാറിന്റെ ഇരുകരയിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്നും ജില്ലാ കളക്‌ടർ അറിയിച്ചു.