എംഐ ഷാനവാസ് എന്ന വ്യക്തിയുടെ രാഷ്‌ട്രീയ വളര്‍ച്ച സംസ്ഥാന കോണ്‍ഗ്രസിന്റെ ചരിത്രങ്ങളില്‍ എന്നും നിറഞ്ഞു നില്‍ക്കും. മുഖ്യമന്ത്രി കെ കരുണാകരന്റെ അടുപ്പക്കാരനായും പിന്നീട് തിരുത്തല്‍വാദിയായും സംസ്ഥാന രാഷ്‌ട്രീയത്തില്‍ നിറഞ്ഞു നിന്ന നേതാവാണ് അദ്ദേഹം.
കാമ്പസിലെ യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെ സജീവ രാഷ്‌ട്രീയത്തിലെത്തിയ ഷാനവാസ് ലീഡറുടെ ആശിര്‍വാദത്തോടെ വളര്‍ന്നു. 1983ല്‍ കെപിസിസി സെക്രട്ടറിയായതോടെ പാര്‍ട്ടിയില്‍ ശക്തനായി. ഇതിനിടെ കെ മുരളീധരനെ മുന്നിലേക്ക് എത്തിക്കാനുള്ള ശ്രമത്തിനിടെ ഷാനവാസിനെ കരുണാകരന്‍ കൈവിട്ടു.
ഇതോടെ ലീഡറുടെ കണ്ണിലെ കരടായ ഷാനവാസ് തിരുത്തല്‍ വാദമുന്നേറ്റത്തിന്റെ അമരക്കാരനായി. ഐ ഗ്രൂപ്പ് കരുണാകരന്റെ സ്വന്തം പോലെയായതോടെ ജി കാര്‍ത്തികേയന്‍, രമേശ് ചെന്നിത്തല എന്നിവരെ ഒപ്പം നിര്‍ത്തി ബദല്‍ ശക്തിയുണ്ടാക്കി. മുരളീധരനെ പിന്‍ഗാമിയായി വാഴിക്കാനുള്ള ശ്രമമാണ് ഗ്രൂപ്പില്‍ പൊട്ടിത്തെറിയുണ്ടാക്കിയത്.
രാഷ്‌ട്രീയ പോരിനൊടുവില്‍ ചെന്നിത്തലയും കൂട്ടരും പിന്നീട് സംയമനം പാലിച്ചതോടെ എ ഗ്രൂപ്പിലേക്ക് ചേക്കേറി എകെ ആന്റണിയുടെ അടുപ്പക്കാരനായി ഷാനവാസ്. പലപ്പോഴും മുരളീധരനെയും ലീഡറെയും വെല്ലുവിളിക്കുകയും ചെയ്‌തു. എന്നാല്‍, ജനകീയ ഇടപെടലുകളുമായുള്ള ഉമ്മന്‍ചാണ്ടിയുടെ കടന്നുവരവ് അദ്ദേഹത്തെ വല്ലാതെ തളര്‍ത്തി.
എ ഗ്രൂപ്പ് ഉമ്മന്‍ ചാണ്ടിയിലേക്ക് ഒതുങ്ങുന്നുവെന്ന് വ്യക്തമായതോടെ ചെന്നിത്തലയുമായുള്ള പഴയ ചങ്ങാത്തം പൊടി തട്ടിയെടുത്തു ഷാനവാസ്. എ ഗ്രൂപ്പിലേക്കുള്ള മടങ്ങി പോക്കായിരുന്നു ലക്ഷ്യം. ഇത് സാധ്യമാകുകയും ചെയ്‌തു. കരുണാകരന്‍ നല്‍കാത്ത സൌഭാഗ്യങ്ങള്‍ അതോടെ അദ്ദേഹത്തെ തേടിയെത്തി. ആന്റണിയുടെയും ചെന്നിത്തലയുടെയും ഇടപെടലുകളായിരുന്നു ഇതിനു പിന്നില്‍.