വിവാഹത്തിന് കിട്ടുന്ന സ്വര്‍ണവും പണവും വധുവിന്റേത് മാത്രം, തെളിവ് ആവശ്യപ്പെടരുതെന്ന് ഹൈക്കോടതി

അഭിറാം മനോഹർ

ബുധന്‍, 30 ഏപ്രില്‍ 2025 (16:13 IST)
വിവാഹത്തിന് വധുവിന് ലഭിക്കുന്ന സ്വര്‍ണവും പണവും വധുവിന്റെ മാത്രം സ്വത്താണെന്ന് ഹൈക്കോടതി. ഗാര്‍ഹിക പീഡന, സ്ത്രീധന പീഡന പരാതികളുടെയും വിവാഹമോചനത്തിന്റെയും ഘട്ടത്തില്‍ ഉടമസ്ഥത തെളിയിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് മനസിലാക്കിവേണം കോടതികള്‍ നീതി നടപ്പിലാക്കാനെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് ബി സ്‌നേഹലത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
 
 സാധാരണയായി വിവാഹത്തിന് വധുവിന് കിട്ടിയ സാധനങ്ങള്‍ക്ക് ലിസ്റ്റോ രേഖയോ ഇല്ലാത്തതിനാല്‍ ഇത്തരം കേസുകളില്‍ നീതി നിഷേധിക്കപ്പെടുന്നു. വിവാഹബന്ധം വേര്‍പിരിഞ്ഞിട്ട് സ്വര്‍ണവും വീട്ടുസാമഗ്രികളും തിരികെ ആവശ്യപ്പെട്ടെങ്കിലും എറണാകുളം കുടുംബകോടതി ഹര്‍ജി നിരസിച്ച സാഹചര്യത്തില്‍ കളമശേരി സ്വദേശി രശ്മി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. കേസില്‍ ഹര്‍ജിക്കാരിക്ക് 59.5 പവന്‍ സ്വര്‍ണമോ അതിന്റെ വിപണി വിലയോ നല്‍കാന്‍ കോടതി ഭര്‍ത്താവിനോട് നിര്‍ദേശിച്ചു.
 
 2010ല്‍ വിവാഹസമയത്ത് വീട്ടുകാര്‍ തനിക്ക് 63 പവന്‍ സ്വര്‍ണവും ഭര്‍ത്താവിന് 2 പവന്റെ മാലയും ബന്ധുക്കള്‍ സമ്മാനമായി 6 പവനും നല്‍കിയതായി ഹര്‍ജിക്കാരി പറയുന്നു. വിവാഹവേളയില്‍ പണവും സ്വര്‍ണവും അനൗദ്യോഗികമായി കൈമാറുന്നതിനാല്‍ രേഖ ഉണ്ടാകാറില്ലെന്നും ഈ സാഹചര്യം മുതലാക്കി ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും അത് കൈക്കലാക്കുന്ന പല കേസുകളും ഉണ്ടെന്ന് കോടതി പറഞ്ഞു. നിലവിലെ സാമൂഹിക, കുടുംബ പശ്ചാത്തലത്തില്‍ പെണ്‍കുട്ടികള്‍ക്ക് പലപ്പോഴും തെളിവ് ഹാജരാക്കാന്‍ സാധിക്കാറില്ല. അതിനാല്‍ ക്രിമിനല്‍ കേസിലെന്ന പോലെ കര്‍ശനമായ തെളിവ് ആവശ്യപ്പെടരുതെന്നും കോടതി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍