ഒളിംപിക്‌സില്‍ ചരിത്രം സൃഷ്ടിച്ച പരിശീലകന്‍
2004 ആതന്‍സ് ഒളിംപിക്‌സില്‍ രാജ്യവര്‍ധന്‍ സിങ് റാത്തോഡ് വെള്ളി മെഡല്‍ നേടിയപ്പോള്‍ ഇന്ത്യയ്ക്ക് ഒളിംപിക് ചരിത്രത്തിലെ ആദ്യ വ്യക്തിഗത വെള്ളിമെഡല്‍ ലഭിച്ചത്. 2008 ബെയ്ജിംഗ് ഒളിംപിക്‌സില്‍ അഭിനവ് ബിന്ദ്രയുടെ സ്വര്‍ണ നേട്ടം ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിംപിക് സ്വര്‍ണമായി മാറുകയും ചെയ്തു. ഈ മെഡല്‍ നേട്ടങ്ങളിലെല്ലാം പരിശീലകനെന്ന നിലയില്‍ വലിയ പങ്കാണ് സണ്ണി തോമസ് വഹിച്ചത്.. 2012 ലണ്ടന്‍ ഒളിംപിക്‌സില്‍ വിജയ് കുമാര്‍ (വെള്ളി), ഗഗന്‍ നാരംഗ് (വെങ്കല്‍) എന്നിവരുടെ മെഡലുകളിലും സണ്ണി തോമസിന്റെ പരിശീലനത്തിന് വലിയ പങ്കുണ്ടായിരുന്നു.
1941 സെപ്റ്റംബര്‍ 26-ന് കോട്ടയം തിടനാട് മേക്കാട്ട് കെ.കെ.തോമസിന്റെയും മറിയക്കുട്ടിയുടെയും മകനായി ജനിച്ച സണ്ണി തോമസ് 1965-ല്‍ കോട്ടയം റൈഫിള്‍ ക്ലബ്ബില്‍ ചേര്‍ന്നതോടെയാണ് ഷൂട്ടിങ്ങ് ലോകത്തേക്ക് പ്രവേശിച്ചത്. അഞ്ച് തവണ സംസ്ഥാന ചാമ്പ്യനും 1976-ലെ ദേശീയ ചാമ്പ്യനുമായിരുന്നു അദ്ദേഹം. 1993-ല്‍ പരിശീലകനായി മാറിയ ശേഷം ഇന്ത്യന്‍ ഷൂട്ടിങ്ങിനെ ലോകഭൂപടത്തിലെ പ്രധാനപ്പെട്ട ഇടങ്ങളില്‍ ഒന്നാക്കി മാറ്റി.
2001-ല്‍ ദ്രോണാചാര്യ അവാര്‍ഡും 2012-ല്‍ പദ്മശ്രീയും നല്‍കി രാജ്യം സണ്ണി തോമസിനെ ആദരിച്ചു.ഏഷ്യന്‍ ഗെയിംസില്‍ 29, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 95, ലോകകപ്പില്‍ 50-ലധികം മെഡലുകള്‍ ഇന്ത്യ നേടുന്നതില്‍ സണ്ണി തോമസ് വഹിച്ച പങ്ക് വലുതാണ്. ഭാര്യ പ്രഫ. കെ.ജെ. ജോസമ്മ, മക്കള്‍ മനോജ് സണ്ണി, സനില്‍ സണ്ണി, സോണിയ സണ്ണി എന്നിവരാണ്.. കോട്ടയം സിഎംഎസ് കോളജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സണ്ണി തോമസ് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്നു.