യുവതികൾക്ക് ശബരിമല പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി വന്നതിന് ശേഷം മലകയറാനെത്തിയ പല സ്‌ത്രീകളെയും പ്രതിഷേധക്കാർ മടക്കി അയച്ചു. എന്നാൽ കോടതി വിധിയെ പിന്തുണയ്‌ക്കുന്നവർക്ക് പ്രതീക്ഷ മുഴുവൻ 'തൃപ്‌തി ദേശായി'യിൽ ആയിരുന്നു. അതിന് കാരണം എന്താണ്? ആരാണ് ഈ തൃപ്‌തി ദേശായി?
ഒറ്റവാക്കിൽ പറഞ്ഞാൽ ഭൂമാതാ ബ്രിഗേഡ് നേതാവും ആക്‌റ്റിവിസ്‌റ്റും. മണ്ഡല-മകര വിളക്ക് ഉത്സവത്തിനായി ശബരിമല നട തുറക്കുമ്പോൾ ദർശനത്തിനായി എത്തുമെന്ന തൃപ്‌തിയുടെ പ്രസ്ഥാവന വിശ്വാസികളെ വ്രണപ്പെടുത്തുന്നതായിരുന്നു. ശബരിമല പ്രവേശത്തിന് ആക്‌റ്റിവിസ്‌റ്റുകളെ പിന്തുണയ്‌ക്കാൻ കേരളാ സർക്കാർ പോലും തയ്യാറാകാത്ത പക്ഷം ഇവർ മല ചവിട്ടാൻ വന്നാൽ എന്താണ് സംഭവിക്കുക എന്നതുതന്നെയായിരുന്നു ഏവരുടേയും ചിന്ത.
ഭൂമാതാ ബ്രിഗേഡിന് പിന്തുണ നൽകുന്ന ബിജെപി- ആർഎസ്‌എസ് പ്രവർത്തകർ ശബരിമല യുവതീ പ്രവേശം എതിർക്കുമ്പോൾ അവരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതിനായി തൃപ്‌തി എന്തിന് കേരളത്തിലെത്തി? എന്നാൽ ബിജെപിയുമായി തൃപ്‌തിയ്‌ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് പാർട്ടി വക്താവായ എം എസ് കുമാറിന്റെ വാദം.
2012ൽ പൂണെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി മത്സരിച്ച തൃപ്‌തി ദേശായിക്ക് ബിജെപിയുമായി എങ്ങനെ ബന്ധമുണ്ടാകും എന്നാണ് ഇവരുടെ വാദം. അതേസമയം, ഏതെങ്കിലും കാലത്ത് കോൺഗ്രസ്സിൽ ഉണ്ടായിരുന്നെന്ന് കരുതി അവരുടെ കാര്യത്തിൽ പാർട്ടിക്ക് ബാധ്യതയില്ലെന്നും തൃപ്‌തിയും കോൺഗ്രസ്സും തമ്മിൽ ബന്ധമില്ലെന്നുമാണ് കോൺഗ്രസ്സിന്റെ നിലപാട്.
തൃപ്തി ദേശായി ആരാണെന്നും ഏത് പ്രസ്ഥാനത്തിന്റെ ആളാണെന്നുമായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ സംശയം.
അപ്പോൾ പിന്നെ തൃപ്‌തി ദേശായി ആരാണ്? അവരെ എന്തിന് കേരളത്തിലുള്ള പാർട്ടികൾ തമ്മിൽ തട്ടിക്കളിക്കണം? അയ്യായിരത്തോളം അംഗങ്ങൾ ഉള്ള ഭൂമാതാ ബ്രിഗേഡിന്റെ നേതൃത്വനിരയിൽ ഇരിക്കുന്ന വ്യക്തിയാണ് തൃപ്‌തി ദേശായി. ആരാധനാലയങ്ങളിൽ സ്‌ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി പൂണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് ഭൂമാതാ ബ്രിഗേഡ്.
എന്നാൽ ഈ സംഘടനയുടെ സ്ഥാപകയായ തൃപ്‌തി അന്ധമായ വിശ്വാസിയല്ലെന്ന് മുൻപേ പറഞ്ഞിട്ടുള്ളതാണ്. എങ്കിലും കൊൽഹാപ്പൂരിലെ ഗഗൻഗിരി മഹാരാജിന്റെ കടുത്ത ഭക്തയാണ് ഇവർ. 2003-ൽ ചേരിനിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന ക്രാന്തിവീർ ജോപ്പഡി വികാസ് സംഘ് എന്ന സംഘടനയിലൂടെയാണ് തൃപ്തി പൊതുപ്രവർത്തനത്തിനിറങ്ങിയത്.
2007 ൽ എൻസിപിയുടെ നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാർ ഉൾപ്പെട്ട സഹകരണബാങ്ക് അഴിമതി പുറത്ത് കൊണ്ടുവരുന്നതിൽ മുൻനിരയിൽ തൃപ്തിയുമുണ്ടായിരുന്നു.
ലിംഗസമത്വത്തിനുവേണ്ടി നാൽപ്പത് പേരെ ഉൾപ്പെടുത്തി 2010 സെപ്‌തംബറിലാണ് തൃപ്‌തി ഭൂമാതാ പ്രസ്ഥാനത്തിന് രൂപം നൽകിയത്.
മതപരമായി അവകാശത്തിനല്ല, ലിംഗവിവേചനത്തിനെതിരെയാണ് തന്റെ പോരാട്ടമെന്ന് തൃപ്തി വ്യക്തമാക്കുന്നുണ്ട്. ഈ സംഘടന മതത്തിനും രാഷ്ട്രീയത്തിനും എതിരല്ലെന്ന് തൃപ്തി ആവര്‍ത്തിച്ച് പറയുന്നുണ്ട്. പൂണെ കോലപൂർ മഹാലക്ഷ്മി ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തിനായിരുന്നു തൃപ്‌തിയുടേയും സംഘത്തിന്റേയും ആദ്യ പോരാട്ടം.
2015 ഡിസംബർ 20 ന് മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ശനി ശിംഘ്നാപൂർ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാൻ നടത്തിയ പോരാട്ടത്തിലൂടെയാണ് തൃപ്തി ദേശായിയും സംഘടനയായ ഭൂമാതാ റാൻരാഗിണി ബ്രിഗേഡും ചർച്ചകളിൽ ഇടം നേടിയത്.
ഇതിനെല്ലാം പുറമേ ആയിരുന്നു 2012ൽ പൂണെ മുനിസിപ്പൽ കോർപ്പറേഷൻ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് വേണ്ടി തൃപ്തി മത്സരിച്ചത്. എന്നാൽ വിജയം കൈവരിക്കാൻ ഇവർക്ക് സാധിച്ചിരുന്നില്ല. കഴിഞ്ഞ കുറച്ച് നാളുകൾക്ക് മുമ്പ്, ഹാപ്പി ടു ബ്ലീഡ് എന്നു പറഞ്ഞ് യുവതികളുടെ ശബരിമല പ്രവേശനത്തിനുള്ള ക്യാംമ്പയിന് തൃപ്തി ദേശായി തുടക്കം കുറിച്ചിരുന്നു.
തനിക്കും തന്റെ പ്രസ്ഥാനത്തിനും നിലവിൽ യാതൊരു പാർട്ടിയുമായും ബന്ധമില്ലെന്നാണ് തൃപ്‌തി ദേശായിയുടെ ഇപ്പോഴത്തെ നിലപാട്. എന്നാൽ തൃപ്‌തിയുടെ വിക്കിപീഡിയയിൽ 'ആർ എസ് എസ് ആക്‌ടിവിസ്‌റ്റ്' എന്ന് ഉണ്ടായിരുന്നതും സംശയത്തിന് വഴിതെളിച്ചിരുന്നു. അതേസമയം, തൃപ്തി ദേശായിക്ക് സിപിഎം ബന്ധമുണ്ടെന്ന് ബിജെപി ആരോപിച്ചിരുന്നെങ്കിലും അത് തെളിയിക്കാൻ പറ്റാത്ത സാഹചര്യത്തിൽ അവരുടെ വിക്കിപീഡിയയിൽ ഉണ്ടായിരുന്ന ആർ എസ് എസ് ആക്‌ടിവിസ്‌റ്റ് എന്നത് തിരുത്തി സിപിഎം ആക്‌ടിവിസ്‌റ്റ് എന്നാക്കിയതും വൻ ചർച്ചയായിരുന്നു.