വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് മലയാളിക്ക് സ്വപ്നതുല്യമായ ജോലി നഷ്ടപ്പെട്ടു, എയര്‍ ഇന്ത്യ 50,000 രൂപ പിഴ നല്‍കണം
മുന്‍കൂര്‍ അറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയതിന് എയര്‍ ഇന്ത്യയ്ക്ക് കോട്ടയം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ 50,000 രൂപ പിഴ ചുമത്തി. പാലാ സ്വദേശിയായ മാത്യൂസ് ജോസഫ് കമ്മീഷന് നല്‍കിയ പരാതിയിലാണ് തീരുമാനം.ജോലി സംബന്ധമായ മെഡിക്കല്‍ പരിശോധനയ്ക്കായി മാത്യൂസ് ജോസഫ് 2023 ജൂലൈ 23 ന് രാവിലെ 5:30 ന് മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.
എന്നാല്‍ ആ ദിവസം ഷെഡ്യൂള്‍ ചെയ്തിരുന്ന വിമാനം റദ്ദാക്കി. എയര്‍ ഇന്ത്യ അധികൃതര്‍ പരാതിക്കാരനെ ഇക്കാര്യം അറിയിച്ചിരുന്നില്ല. തുടര്‍ന്ന്, പരാതിക്കാരന് രാത്രി 8:32 നുള്ള വിമാനം ലഭിച്ചുവെങ്കിലും അദ്ദേഹത്തിന് വൈദ്യപരിശോധനയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അതേ തുടര്‍ന്ന് അദ്ദേഹത്തിന് കപ്പലില്‍ വാഗ്ദാനം ചെയ്ത ജോലി നഷ്ടപ്പെട്ടുവെന്നും എന്ന് കമ്മീഷന് മുമ്പാകെയുള്ള പരാതിയില്‍ പറയുന്നു.
എയര്‍ ഇന്ത്യയുടെ അശ്രദ്ധ മൂലം തനിക്ക് ഉണ്ടായ നഷ്ടം സംബന്ധിച്ച് കസ്റ്റമര്‍ കെയര്‍ ഇമെയില്‍ ഐഡി വഴി പരാതിക്കാരന്‍ എയര്‍ലൈനുമായി ബന്ധപ്പെട്ടെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ല, തുടര്‍ന്ന് അദ്ദേഹം ഉപഭോക്തൃ ഫോറത്തെ സമീപിച്ചു. വിമാനം റദ്ദാക്കിയ വിവരം പരാതിക്കാരനെ അറിയിച്ചതിന് തെളിവുകള്‍ ഹാജരാക്കാന്‍ എയര്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല.
ആദ്യം ബുക്ക് ചെയ്ത വിമാനം റദ്ദാക്കിയതും, ബദല്‍ വിമാനത്തിലെ കാലതാമസവും, തൊഴിലുടമ നിര്‍ദ്ദേശിച്ച മെഡിക്കല്‍ പരിശോധനയില്‍ പങ്കെടുക്കാന്‍ കഴിയാത്തതും കാരണം പരാതിക്കാരന് നഷ്ടം സംഭവിച്ചതായി ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ കണ്ടെത്തി. അതിനാല്‍, അഡ്വ. വി.എസ്. മനുലാല്‍ പ്രസിഡന്റ് ആര്‍. ബിന്ദു, കെ.എം. ആന്റോ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്‍, സേവനത്തിലെ പോരായ്മയ്ക്ക് പരാതിക്കാരന് ?50,000 നഷ്ടപരിഹാരം നല്‍കാന്‍ എയര്‍ ഇന്ത്യയോട് ഉത്തരവിട്ടു.