കോടതിയില്‍ കീഴടങ്ങാനെത്തിയ പള്‍‌സര്‍ സുനിയെ പൊലീസ് ബലം പ്രയോഗിച്ച് അറസ്‌റ്റ് ചെയ്‌തു

Webdunia
വ്യാഴം, 23 ഫെബ്രുവരി 2017 (13:38 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയ കേസിലെ മുഖ്യപ്രതി പള്‍‌സര്‍ സുനിയെ പൊലീസ് നാടകീയമായി അറസ്‌റ്റ് ചെയ്‌തു. ഇന്നുച്ചയ്‌ക്ക് 1.15ഓടെ എറണാകുളം എസിജെഎം കോടതിയില്‍ കീഴടങ്ങാന്‍ എത്തിയ പ്രതിയെ പൊലീസ് ബലം പ്രയോഗിച്ച് അറസ്‌റ്റ് ചെയ്യുകയായിരുന്നു. സുനിയുടെ കൂട്ടാളി വിജീഷും അറസ്‌റ്റിലായിട്ടുണ്ട്.

പ്രതികള്‍ കോടതിയിൽ കീഴടങ്ങുന്നത് ഒഴിവാക്കാൻ മഫ്‌തിയിൽ പൊലീസിന്‍റെ സാന്നിധ്യവുമുണ്ടായിരുന്നു. എന്നാൽ പൊലീസിന്‍റെ കണ്ണുവെട്ടിച്ച് കോടതിയുടെ പിന്നിലെ ഗേറ്റിലൂടെ സുനിയും ബിജീഷും കോടതി മുറിക്കുള്ളില്‍ കയറുകയും പ്രതികള്‍ നില്‍ക്കേണ്ട പ്രതിക്കൂട്ടില്‍
നിലയുറപ്പിക്കുകയുമായിരുന്നു. 

ഈ സമയം വിവരമറിഞ്ഞ മഫ്‌തിയിലുള്ള പൊലീസുകാർ കൂടുതൽ സംഘത്തെ വിളിച്ചുവരുത്തുകയും അതിവേഗം കോടതി മുറിക്കുള്ളില്‍ പ്രവേശിക്കുകയും പ്രതികളെ ബലം പ്രയോഗിച്ച് വലിച്ചിഴച്ചു കൊണ്ടു പോകുകയുമായിരുന്നു. ജഡ്‌ജി ഊണ് കഴിക്കാന്‍ പോയ സമയത്ത് കോടതി മുറിക്കുള്ളില്‍ കയറിയതാണ് പ്രതികളുടെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചത്.

കഴിഞ്ഞ മൂന്ന് ദിവസമായി സുനി കോടതിയിൽ കീഴടങ്ങുന്നത് ഒഴിവാക്കാൻ പൊലീസ് വിവിധ കോടതികളിൽ കനത്ത ജാഗ്രതയിലായിരുന്നു. പൊലീസ് ദേശീയപാതകളിൽ അടക്കം കനത്ത പരിശോധന നടത്തുന്നതിനിടെയാണ് പ്രതി നാടകീയമായി കോടതിയില്‍ എത്തിയത്.
Next Article