വടക്കന്‍ കേരളത്തിനു മുകളില്‍ ചക്രവാതചുഴി, ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; കേരളത്തില്‍ മഴ തുടരും

രേണുക വേണു
ബുധന്‍, 22 മെയ് 2024 (10:15 IST)
Low Pressure

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിനു മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം കൂടി ഇടി/മിന്നല്‍/കാറ്റ് എന്നിവയോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത. 
 
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മേയ് 22, 23 തിയതികളില്‍ അതിതീവ്രമായ മഴയ്ക്കും മെയ് 22 മുതല്‍ മെയ് 24 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും, മെയ് 22 മുതല്‍ മെയ് 25 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
 
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട് ആന്ധ്രാ തീരത്തിനു അകലെയായി ന്യുനമര്‍ദ്ദം ( Low Pressure  Area )  രൂപപ്പെട്ടു. വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന ന്യുനമര്‍ദ്ദം മെയ് 24 രാവിലെയോടെ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍  തീവ്ര ന്യുനമര്‍ദ്ദമായും (Depression) ശക്തി പ്രാപിക്കാന്‍ സാധ്യത. തുടര്‍ന്ന് വടക്കു കിഴക്കു ദിശയില്‍ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
 
മലയോര മേഖലകളില്‍ ജാഗ്രത തുടരണം. അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നും പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. കേരള - തെക്കന്‍ തമിഴ്‌നാട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article