മാസങ്ങൾക്ക് മുൻപ് കാണാതായ ഭർത്താവിനെ ഫെയ്‌സ്ബുക്കില്‍ കണ്ടു ഞെട്ടി യുവതി. തന്നെ ചതിച്ച് പോയതാണ് ഭർത്താവെന്ന് മനസ്സിലാക്കിയ യുവതി പൊലീസിൽ പരാതി നൽകി. കാസര്‍കോട് വെള്ളരിക്കുണ്ട് പുന്നക്കുന്നിലെ ദീപു ഫിലിപ്പ് എന്ന യുവാവിനെതിരെയാണ് ഭാര്യ ബേബി പോലീസില്‍ പരാതി നല്‍കിയത്.
പ്രണയ വിവാഹിതരാണ് ഇവര്‍. രണ്ടാമത്തെ കുഞ്ഞിനെ ബേബി ഗര്‍ഭം ധരിച്ച് ഒന്‍പതു മാസമായിരിക്കുന്ന സമയത്ത് ജോലി ആവശ്യത്തിന് എന്നു പറഞ്ഞ് വീടു വിട്ടു പോയ ദീപു പിന്നീട് തിരിച്ചു വന്നില്ല. ഇപ്പോള്‍ 9 മാസം പിന്നിടുന്നു. ഒരിക്കൽ പോലും ബേബി തന്നെ വിളിച്ചിട്ടില്ലെന്ന് ബേബി പറയുന്നു.
ദീപുവിനേക്കുറിച്ച് പല തരത്തില്‍ അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഇതിനിടെയാണ് അയല്‍വാസിയുടെ ഫോണില്‍ ദീപുവിന്റെ ഫെയ്‌സ്ബുക്ക് പേജ് കണ്ടത്. ഇതോടെ ഭര്‍ത്താവിനെ കണ്ടെത്തി തരണമെന്ന് ആവശ്യപ്പെട്ട് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
നുണ പറഞ്ഞാണ് ദീപു തന്നെ 2009ല്‍ വിവാഹം ചെയ്തതെന്നും ബേബി പറഞ്ഞു. കാസര്‍കോട് സ്വദേശിയായ ബേബി എറണാകുളത്ത് ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ നാട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് ദീപുവിനെ പരിചയപ്പെട്ടത്. ഈ പരിചയമാണ് പിന്നീട് പ്രണയത്തിലേയ്ക്ക് മാറിയത്.
താന്‍ ഹിന്ദുവാണെന്നും അനാഥനാണെന്നുമായിരുന്നു ഇയാൾ ബേബിയെ വിശ്വസിപ്പിച്ചിരുന്നത്. തുടര്‍ന്ന് എറണാകുളത്തുള്ള ഒരു ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായി. കുഞ്ഞുണ്ടായതിന് ശേഷം താന്‍ അനാഥനല്ലെന്നും അച്ഛനും അമ്മയും സഹോദരിയുമുണ്ടെന്നും ക്രിസ്ത്യാനിയാണെന്നുമറിയിച്ചു.
കാസര്‍കോട് വെള്ളരിക്കുണ്ടുള്ള ദീപുവിന്റെ വീട്ടിലെത്തി മതം മാറി. ക്രിസ്ത്യന്‍ ആചാരപ്രകാരം വിവാഹവും കഴിച്ചു. പക്ഷേ, ദീപുവിന്റെ വീട്ടുകാർക്ക് തന്നെ ഇഷ്ടമായിരുന്നില്ല. ഇതിനിടയിലാണ് ദീപുവിനെ കാണാതായത്.