അര്‍ജുന്റെ കുടുംബം നല്‍കിയ പരാതി: ലോറി ഉടമ മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും

രേണുക വേണു
ശനി, 5 ഒക്‌ടോബര്‍ 2024 (08:40 IST)
ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം നല്‍കിയ പരാതിയിലെടുത്ത കേസില്‍ നിന്ന് ലോറി ഉടമ മനാഫിനെ ഒഴിവാക്കും. മനാഫിന്റെ യുട്യൂബ് ചാനല്‍ പൊലീസ് വിശദമായി പരിശോധിച്ചു. അര്‍ജുന്റെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ഉള്ളടക്കങ്ങളൊന്നും മനാഫിന്റെ യുട്യൂബ് ചാനലില്‍ ഇല്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ പൊലീസ് തീരുമാനിച്ചത്. 
 
മനാഫിന്റെ യുട്യൂബ് ചാനലിലെ വീഡിയോയ്ക്കു താഴെ തങ്ങള്‍ക്കെതിരായ സൈബര്‍ ആക്രമണം നടക്കുന്നുണ്ടെന്നാണ് അര്‍ജുന്റെ കുടുംബം പരാതി നല്‍കിയിരുന്നത്. മനാഫിനെതിരെ കേസെടുക്കണമെന്ന ആവശ്യം കുടുംബത്തിനും ഉണ്ടായിരുന്നില്ല. അതേസമയം അര്‍ജുന്റെ കുടുംബത്തിനെതിരെ സൈബര്‍ ആക്രമണം നടത്തിയ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. ചില യുട്യൂബര്‍മാര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. 
 
മനാഫിനെതിരെ അര്‍ജുന്റെ കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു. അര്‍ജുനു വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ മനാഫും മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയും നാടകം കളിച്ചുവെന്നാണ് ആരോപണം. അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനം മനാഫ് വ്യക്തിപരമായ ചില നേട്ടങ്ങള്‍ക്കു വേണ്ടി ഉപയോഗിച്ചെന്നും കുടുംബം ആരോപിക്കുന്നു. അര്‍ജുന്റെ പേരില്‍ മനാഫ് യുട്യൂബ് ചാനല്‍ ആരംഭിച്ചെന്നും പണപ്പിരിവ് നടത്തിയെന്നും കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെ മനാഫ് തള്ളി. താന്‍ പണപ്പിരിവ് നടത്തിയിട്ടില്ലെന്നാണ് മനാഫ് പറഞ്ഞത്. ഇനി വിവാദത്തിനില്ലെന്നും അര്‍ജുന്റെ കുടുംബത്തിനു എന്തെങ്കിലും വിഷമം ഉണ്ടാക്കിയെങ്കില്‍ ക്ഷമ ചോദിക്കുന്നതായും മനാഫ് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article