ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി ടി.എന്‍.പ്രതാപന്‍ മത്സരിക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ പ്രതാപന്‍ നിലവില്‍ സിറ്റിങ് എംപിയാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ പ്രതാപന്‍ ആഗ്രഹിച്ചിരുന്നെങ്കിലും പാര്‍ട്ടി നേതൃത്വത്തിനു വഴങ്ങിയാണ് തുടര്‍ച്ചയായ രണ്ടാം തവണയും തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ പ്രതാപന്‍ സമ്മതം മൂളിയത്. പ്രതാപന് പുറത്ത് മറ്റ് പേരുകളൊന്നും ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
സംസ്ഥാന അധ്യക്ഷന്‍ കെ.സുധാകരന്‍ ഒഴികെ മറ്റെല്ലാ കോണ്‍ഗ്രസ് സിറ്റിങ് എംപിമാരും ഇത്തവണയും മത്സരിക്കാനാണ് സാധ്യത. സിറ്റിങ് എംപിമാര്‍ മത്സരിക്കണമെന്നാണ് എഐസിസി നേതൃത്വത്തിന്റെ നിലപാട്. തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാന്‍ ടി.എന്‍.പ്രതാപന് ജില്ലാ നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് തൃശൂരില്‍ ബിജെപിയും കോണ്‍ഗ്രസും നേരിട്ടാണ് മത്സരമെന്ന് പ്രതാപന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥിയായി സുരേഷ് ഗോപി മത്സരിക്കുമെന്നും ഉറപ്പായിട്ടുണ്ട്. സുരേഷ് ഗോപിയെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനായുള്ള പ്രവര്‍ത്തനങ്ങള്‍ ബിജെപി ആരംഭിച്ചു കഴിഞ്ഞു. അതേസമയം ആരായിരിക്കും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെന്ന് ഉറപ്പായിട്ടില്ല. സിപിഐയുടെ സീറ്റാണ് തൃശൂര്‍. മുന്‍ മന്ത്രിയും ജനകീയ നേതാവുമായ വി.എസ്.സുനില്‍ കുമാറിനെയാണ് സിപിഐ തൃശൂരില്‍ പരിഗണിക്കുന്നത്.