ലോകായുക്ത ഉത്തരവ് ശരിവച്ച് ഹൈക്കോടതി; ജലീലിനു തിരിച്ചുവരവിനുള്ള വഴി അടയുന്നു

Webdunia
ചൊവ്വ, 20 ഏപ്രില്‍ 2021 (14:30 IST)
മന്ത്രി കെ.ടി.ജലീലിനു എതിരായ ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ടുള്ള ലോകായുക്തയുടെ ഉത്തരവാണ് ഹൈക്കോടതി ശരിവച്ചത്.

ബന്ധുനിയമന വിവാദത്തില്‍ ജലീല്‍ അധികാരദുര്‍വിനിയോഗം നടത്തിയെന്നും മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നുമാണ് ലോകായുക്ത ഉത്തരവ്. ഇതിനെതിരെ ജലീല്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, ഹൈക്കോടതിയില്‍ നിന്നും നേരിടേണ്ടിവന്നത് വന്‍ തിരിച്ചടി.

ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്ന ജലീലിന്റെ ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു. ലോകായുക്തയുടെ നടപടികള്‍ ചട്ടവിരുദ്ധവും വഴിവിട്ടതുമാണെന്ന് ജലീല്‍ കോടതിയില്‍ വാദിച്ചെങ്കിലും ഫലമുണ്ടായില്ല.

ലോകായുക്ത ഉത്തരവിനു പിന്നാലെയാണ് കെ.ടി.ജലീല്‍ മന്ത്രിസ്ഥാനം രാജിവച്ചത്. ലോകായുക്ത ഉത്തരവിനെ നിയമപരമായി നേരിടാമെന്നും ഹൈക്കോടതിയില്‍ നിന്ന് ക്ലീന്‍ ചിറ്റ് വാങ്ങി തിരിച്ചെത്താമെന്നുമാണ് ജലീല്‍ പ്രതീക്ഷിച്ചിരുന്നത്. ക്ലീന്‍ചിറ്റ് ലഭിക്കുകയാണെങ്കില്‍ എല്‍ഡിഎഫിന് തുടര്‍ഭരണം വന്നാല്‍ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് എത്താനുള്ള സാധ്യതകള്‍ ജലീലിനുണ്ടായിരുന്നു. എന്നാല്‍, കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടതോടെ വീണ്ടും മന്ത്രിസ്ഥാനത്തെത്തുക എന്ന മോഹങ്ങള്‍ക്കെല്ലാം തിരിച്ചടി ലഭിച്ചു. ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിടേണ്ടി വന്നെങ്കിലും നിയമപരമായി തന്നെ മുന്നോട്ടുപോകാനാണ് ജലീലിന്റെ തീരുമാനം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article