ബസിലെ മെമ്മറികാര്‍ഡ് കാണാതായ സംഭവം; ഡ്രൈവര്‍ യദുവിനെ പൊലീസ് ചോദ്യം ചെയ്യുന്നു

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 10 മെയ് 2024 (19:09 IST)
കെഎസ്ആര്‍ടിസി ബസിലെ മെമ്മറികാര്‍ഡ് കാണാതായ സംഭവത്തില്‍ ഡ്രൈവര്‍ യദുവിനെ പൊലീസ് ചോദ്യം ചെയ്യുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ബസ് തടഞ്ഞ് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സചിന്‍ദേവും ഡ്രൈവര്‍ യദുവും തമ്മില്‍ നടുറോഡില്‍ വാക്കേറ്റമുണ്ടായത് വലിയ വിവാദങ്ങള്‍ക്ക് കാരണായിരുന്നു. ഇരുഭാഗത്തുനിന്നും പരാതികള്‍ പൊലീസിന് ലഭിച്ചു. ഡ്രൈവര്‍ യദുവിന്റെ പരാതി ആദ്യം പൊലീസ് പരിഗണിച്ചിരുന്നില്ല. പിന്നാലെ കോടതി ഇടപെടുകയായിരുന്നു. ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാതെ പോകുകയും ഇത് മേയറുടെ സ്വാധീനത്താല്‍ മാറ്റപ്പെട്ടതാണെന്ന ആരോപണം ഉയരുകയും ചെയ്തിരുന്നു. 
 
സംഭവത്തില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ലാല്‍ സജീവിനെയും കണ്ടക്ടറെയും പൊലീസ് ചോദ്യം ചെയ്തു. തര്‍ക്കത്തിന് ശേഷം കണ്ടക്ടര്‍ സുബിന്‍ ബസിലെ സിസിടിവി ക്യാമറ പരിശോധിക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്യാന്‍ രാവിലെ വിളിപ്പിച്ചത്. എന്നാല്‍ മെമ്മറി കാര്‍ഡ് കാണാതായതില്‍ പങ്കില്ലെന്ന നിലപാടാണ് സുബിന്‍ സ്വീകരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article