വൈദ്യുതിബോര്‍ഡിന്റെ അണക്കെട്ടുകളും ജലസംഭരണികളും ഇല്ലായിരുന്നുവെങ്കില്‍ ഇതിലും വലിയ തോതിലുള്ള ജലപ്രവാഹം നദികളിലുണ്ടായേനെയെന്നും നിലവില്‍ ആശങ്കപ്പെടാനില്ലെന്നും കെഎസ്ഇബി
വൈദ്യുതിബോര്‍ഡിന്റെ അണക്കെട്ടുകളും ജലസംഭരണികളും ഇല്ലായിരുന്നുവെങ്കില്‍ ഇതിലും വലിയ തോതിലുള്ള ജലപ്രവാഹം നദികളിലുണ്ടായേനെയെന്നും അതു വലിയ നാശനഷ്ടം ഉണ്ടാക്കുമെന്നും കെഎസ്ഇബി. യഥാര്‍ത്ഥത്തില്‍, ശാസ്ത്രീയമായ ജലപരിപാലനം വഴി പ്രളയം വരുത്തുന്ന വിനകള്‍ ഒഴിവാകുകയാണ് ചെയ്യുന്നത്. നിലവില്‍ ശക്തമായ മഴ മുന്നില്‍ കണ്ടുകൊണ്ടാണ് ഡാമുകളില്‍ ഉചിതമായ രീതിയില്‍ വെള്ളം ക്രമീകരിച്ചിരിക്കുന്നത്. അതിനാല്‍ ആശങ്കപ്പെടാനില്ലെന്നും കെഎസ്ഇബി വ്യക്തമാക്കി.
ഇന്നലെ കെഎസ്ഇബിയുടെ 18 അണക്കെട്ടുകളിലുമായി 2008.78എംസിഎം ജലമാണ് ഒഴുകിയെത്തിയിട്ടുള്ളത്. ഈ അണക്കെട്ടുകളുടെ ആകെ സംഭരണ ശേഷി 3532.5 എംസിഎം ആണ്. ഇന്നത്തെ സ്ഥിതി അനുസരിച്ച് ആകെ സംഭരണ ശേഷിയുടെ 56.9 ശതമാനം ജലം മാത്രമാണ് കെഎസ് ഇബിയുടെ അണക്കെട്ടുകളില്‍ ഉള്ളത്. വലിയ ജലസംഭരണികളായ ഇടുക്കിയില്‍ 57.76ശതമാനവും ഇടമലയാറില്‍ 50.75ശതമാനവും കക്കിയില്‍ 56.67ശതമാനവും ബാണാസുരസാഗറില്‍ 69.25ശതമാനവും ഷോളയാറില്‍ 69.1ശതമാനവും ജലമാണുള്ളത്. മേല്‍പ്പറഞ്ഞ അണക്കെട്ടുകള്‍ പെരിയാര്‍, പമ്പ, ചാലക്കുടി, കുറ്റ്യാടി, കബനി എന്നീ അഞ്ചു പ്രധാന നദികളിലായാണ് സ്ഥിതിചെയ്യുന്നത്.