ചെങ്ങന്നൂരില്‍ ബിജെപി ഇത്തവണയും മൂന്നാം സ്ഥാനത്തായിരിക്കും: കോടിയേരി

Webdunia
തിങ്കള്‍, 30 ഏപ്രില്‍ 2018 (18:30 IST)
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പി ഇത്തവണയും മൂന്നാം സ്ഥാനത്തായിരിക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടതുമുന്നണിക്ക് ഭൂരിപക്ഷവും വോട്ടും വര്‍ധിക്കും. എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. ഇതില്‍ എല്‍ഡിഎഫ് പ്രചാരണത്തില്‍ ഏറെ മുമ്പോട്ടുപോയിക്കഴിഞ്ഞു. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന ബിജെപി ഇത്തവണയും മൂന്നാം സ്ഥാനത്തുതന്നെ ആയിരിക്കും - കോടിയേരി വ്യക്തമാക്കി. 
 
ജനങ്ങളുടെ വിശ്വാസം ഇടതുപക്ഷത്തിനൊപ്പമാണ്. വിന്ധ്യപര്‍വതത്തിനിപ്പുറത്തെ ജനങ്ങള്‍ ബിജെപിയെ അംഗീകരിക്കില്ല.  ബിഡിജെഎസിന് ഒരിക്കലും ബിജെപിയുമായി ചേരാന്‍ കഴിയില്ലെന്നും അതിനാല്‍ ബിജെപിയുമായുള്ള ബന്ധം ബിഡിജെഎസ് ഉപേക്ഷിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. 
 
ശ്രീനാരായണഗുരുവിന്‍റെ ആദര്‍ശങ്ങളില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ബിഡിജെഎസും ചാതുര്‍വര്‍ണ്യ വ്യവസ്ഥ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്ന ബിജെപിയും തമ്മില്‍ ചേര്‍ന്നുപോകില്ല. വിരുദ്ധ ആശയങ്ങളാണ് രണ്ട് പ്രസ്ഥാനങ്ങളുടേതുമെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
 
ബിജെപി ബന്ധം ഉപേക്ഷിക്കാന്‍ ബി ഡി ജെ എസ് തയ്യാറാകണം. ശ്രീനാരായണഗുരുവിന്റെ ആദര്‍ശങ്ങളിലൂന്നിയാണ് ബിഡിജെഎസ് പ്രവര്‍ത്തിക്കേണ്ടത്. ബിജെപി - ബി ഡി ജെ എസ് ബന്ധത്തിന് അധികം ആയുസില്ലെന്ന് രണ്ടുവര്‍ഷം മുമ്പുതന്നെ സി പി എം പറഞ്ഞിരുന്നു. ബിജെപിയുമായി നിസ്സഹകരണം തുടരാനുള്ള ബിഡിജെഎസിന്റെ തീരുമാനം എന്‍ഡിഎയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നതാണെന്നും കോടിയേരി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article