ഒരാഴ്ചയായി ശ്വാസം മുട്ടി കൊച്ചി, സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Webdunia
ബുധന്‍, 8 മാര്‍ച്ച് 2023 (13:27 IST)
ബ്രഹ്മപുരം മാലിന്യപ്ലാൻ്റിന് തീപിടിച്ച് ഇന്നേക്ക് ഒരാഴ്ച തികയുന്നു. മുൻകാലങ്ങളിലും തീ പിടുത്തം സംസ്ഥാനത്തുണ്ടായിട്ടുണ്ടെങ്കിലും ഇത്രയും രൂക്ഷമാകുന്നത് ഇതാദ്യമായാണ്. ആളിക്കത്തുന്ന തീ അണയ്ക്കുന്നതിൽ വിജയിച്ചെങ്കിലും പ്ലാൻ്റിൻ്റെ പല ഭാഗത്ത് നിന്നും തീയും പുകയും ഇപ്പോഴും ഉയരുന്നുണ്ട്. ഫയർ ടെണ്ടറുകളും ഹിറ്റാച്ചികളും കൊണ്ടുവന്ന് മാലിന്യകൂമ്പാരങ്ങൾ മറിച്ചിട്ട് കൊണ്ട് ഹെലികോപ്റ്ററുകളുടെ സഹായത്തോടെ വെള്ളമടിക്കുന്ന നടപടി തുടരുന്നുണ്ട്.
 
കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ കിട്ടാത്ത സാഹചര്യത്തിൽ ദുരന്തനിവാരണ നിയമം ഉപയോഗിച്ച് മണ്ണുമാന്തി യന്ത്രങ്ങൾ പിടിച്ചെടുക്കുകയാണ് ജില്ലാ ഭരണകൂടം. ഒരാഴ്ചയായി നഗരത്തെ ശ്വാസം മുട്ടിക്കുന്ന പുകശല്യം 2 ദിവസങ്ങൾക്കുള്ളിൽ ഇല്ലാതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം പുക മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ജില്ലയിൽ കാര്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതിനിടെ മാലിന്യപ്ലാൻ്റിന് തീപിടിച്ച വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും.
 
ബ്രഹ്മപുരത്ത് മലിനീകരണ നിയന്ത്രണബോർഡ് സാഹചര്യത്തിനനുസരിച്ച് പ്രവർത്തിച്ചില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ.ഇന്നലെ ഹൈക്കോടതിയിൽ ഹാജരാകാൻ ജില്ലാ കളക്ടർക്ക് നിർദേശമുണ്ടായിരുന്നെങ്കിലും കളക്ടർ കോടതിക്ക് മുന്നിൽ ഹാജരായിരുന്നില്ല.പകരം ദുരന്തനിവാരണ ചുമതലയാണ് കളക്ടർക്ക് പകരമെത്തിയത്. കോടതി ഇതിൽ അതൃപ്തി പ്രകടിപ്പിച്ചു. സംസ്ഥാന സർക്കാർ, മലിനീകരണ നിയന്ത്രണ ബോർഡ് കൊച്ചി നഗരസഭ എന്നിവരാണ് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലെ എതിർകക്ഷികൾ.

അനുബന്ധ വാര്‍ത്തകള്‍

Next Article