‘‘നീ ഒന്നും പേടിക്കേണ്ട, ഞാൻ വന്നു നിന്നെ കൂട്ടിക്കൊണ്ടുപോരും.’’ – നീനുവിന്റെ ബന്ധുക്കളും ഗുണ്ടകളും ചേർന്നു തട്ടിക്കൊണ്ടു പോകുന്നതിനു മിനിറ്റുകൾക്കു മുൻപു ഫോണിലൂടെ കെവിൻ നീനുവിനോടു പറഞ്ഞു. ഹോസ്റ്റലിലായിരുന്ന അവളെ ആശ്വസിപ്പിച്ചുകൊണ്ടാണ് അവൻ ഫോൺ വച്ചത്. ഇപ്പോൾ ആ ഓർമ്മകളിലാണ് നീനുവിന്റെ ജീവിതവും.
രാത്രി ഒന്നരവരെ അവർ ഫോണി സംസാരിച്ചിരുന്നു. അപ്പോഴൊന്നും മരണം തൊട്ടടുത്ത് പതിയിരിക്കുന്നതായി കരുതിയില്ലെന്ന് നീനു പറയുന്നു. വിവാഹം രജിസ്‌റ്റർ ചെയ്‌തതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വാർഡ് മെമ്പറോട് സംസാരിക്കണമെന്നും രാവിലെ വിളിച്ചെഴുന്നേൽപ്പിക്കണമെന്നും അവൻ നീനുവിനോട് പറഞ്ഞിരുന്നു.
ഫോണിലെ സംസാരം കഴിഞ്ഞതിന് ശേഷമാണ് ഗുണ്ടാസംഘം അനീഷിന്റെ വീട് ആക്രമിക്കുന്നത്. രണ്ടുമണിയോടെ കെവിനെയും അനീഷിനെയും ബലമായി വണ്ടിയിൽ കൊണ്ടുപോവുകയും ചെയ്തു. ഇതൊന്നുമറിയാതെ രാവിലെ 5.45ന് നീനു കെവിനെ വിളിച്ചു. ആരോ ഫോൺ കട്ട് ചെയ്‌തെങ്കിലും ഉറക്കത്തിനിടയിൽ കെവിൻ തന്നെ കട്ടാക്കിയതായിരിക്കുമെന്ന് കരുതി ആറ് മണിയോടെ വീണ്ടും വിളിച്ചു. അപ്പോൾ ആരും ഫോൺ എടുത്തില്ല, തുടർന്ന് കെവിന്റെ ബന്ധുവിനെ വിളിച്ച് അന്വേഷിച്ചെങ്കിലും അവർ സംഭവങ്ങളൊന്നും നീനുവിനോട് പറഞ്ഞില്ല. പിന്നീട് സംഭവങ്ങൾ അറിഞ്ഞതിനെത്തുടർന്ന് നീനു പൊലീസ് സ്‌റ്റേഷനിൽ എത്തിയെങ്കിലും പൊലീസിന്റെ ഭാഗത്തുനിന്ന് നടപടികൾ ഒന്നുമുണ്ടായില്ല.