മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാതെ ലോക്‍സഭയില്‍ നിന്നും മുങ്ങിയെന്ന വിമര്‍ശനത്തിന് പിന്നാലെ പികെ കുഞ്ഞാലിക്കുട്ടിയോട് മുസ്ലിം ലീഗ് വിശദീകരണം തേടി.
ലീഗ് ദേശീയകാര്യ ഉപദേശക സമിതി ചെയർമാനും സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് തങ്ങളാണ് വിശദീകരണം ചോദിച്ചത്.
മുത്തലാഖ് ബില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ലോക്‌സഭയില്‍ നിന്നും വിട്ടു നിന്നതിന്റെ കാരണം വ്യക്തമാക്കാനാണ് കുഞ്ഞാലിക്കുട്ടിക്ക് പാണക്കാട് തങ്ങള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
മുത്തലാഖ് ബില്ലിന്‍റെ ചർച്ചയിലും വോട്ട് എടുപ്പിലും കുഞ്ഞാലിക്കുട്ടി പങ്കെടുത്താത്തത് പാർട്ടിക്കുള്ളിലും പുറത്തും വിമർശനത്തിന് വഴിവെച്ച സാഹചര്യത്തിലാണ് ലീഗ് നടപടി. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലയിലെ ചില പഞ്ചായത്ത് കമ്മിറ്റികൾ രംഗത്തുവന്നിരുന്നു.
സംഭവം വിവാദമായതോടെ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് ഇടി മുഹമ്മദ് ബഷീര്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.