കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്‌പ് സംഭവത്തില്‍ കേരളാ പൊലീസിനെ വെല്ലുവിളിച്ച് അധോലോക നായകൻ രവി പൂജാരി. വെടിവച്ച ആളുകളെയും തന്നെയും പിടികൂടാന്‍ പൊലീസിനെ വെല്ലുവിളിക്കുന്നു. മറ്റൊരാളിൽ നിന്ന് തട്ടിയെടുത്ത പണം തിരികെ വാങ്ങുന്നതിനാണ് താൻ വിഷയത്തിൽ ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു.
വെടിവയ്‌പില്‍ ലീന മരിയ പോളല്ല തന്റെ ലക്ഷ്യം. തട്ടിപ്പിലെ പ്രധാനി മറ്റൊരാളാണ്. അയാളെ കണ്ടെത്തിയാൽ കൊലപ്പെടുത്തുക തന്നെ ചെയ്യും. അതിന് മുമ്പ് തന്നെയും സംഘത്തെയും പിടികൂടാന്‍ പൊലീസിനെ താൻ വെല്ലുവിളിക്കുന്നുവെന്നും രവി പൂജാരി പറഞ്ഞു.
ലീന മരിയാ പോളിനോട് 25 കോടി രൂപ ആവശ്യപ്പെട്ടതിന്‍റെ കാരണം കൊച്ചി സിറ്റി പൊലീസിന് അറിയാം. വൈകാതെ അക്കാര്യം താൻ വെളിപ്പെടുത്തുമെന്നും രവി പൂജാരി ഒരു സ്വകാര്യ ചാനലിനോട് വ്യക്തമാക്കി.
വെടിവയ്‌പ് നടത്തിയ രണ്ടംഗസംഘത്തെ തിരിച്ചറിയാനോ പിടികൂടാനോ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മംഗലാപുരത്തും ബംഗലൂരുവിലും നടത്തിയ അന്വേഷണത്തിലാണ് രവി പൂജാരിയാണ് കൃത്യത്തിന് പിന്നിലെന്ന് കൊച്ചി പൊലീസ് സ്ഥിരീകരിച്ചത്.