സ്ഥിരം ഗതാഗതക്കുരുക്ക്, പാലിയേക്കരയിൽ നാലാഴ്ചത്തേക്ക് ടോൾ തടഞ്ഞ് ഹൈക്കോടതി

അഭിറാം മനോഹർ

ബുധന്‍, 6 ഓഗസ്റ്റ് 2025 (11:31 IST)
പാലിയേക്കരയിലെ ടോൾ പിരിവ് നാലാഴ്ച കാലത്തേക്ക് തടഞ്ഞ് ഹൈക്കോടതി.ദേശീയപാതയിൽ ഇടപ്പള്ളി- മണ്ണൂത്തി മേഖലയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാനാവാത്ത സാഹചര്യത്തിൽ പാലിയേക്കരയിലെ ടോൾ പിരിവ് താത്കാലികമായി തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിലാണ് കോടതിയുടെ ഉത്തരവ്.

ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജിയില്‍ ഉത്തരവിറക്കിയത്. ഏതാനും കിലോമീറ്ററുകള്‍ മാത്രമാണ് ഗതാഗതകുരുക്കെന്നും ഇവിടെ സര്‍വീസ് റോഡിലൂടെ ഗതാഗതം തിരിച്ചുവിട്ടിട്ടുണ്ടെന്നും ദേശീയപാത അതോറിറ്റിക്കായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എ ആര്‍ എല്‍ സുന്ദരേശന്‍ വാദിച്ചു. എന്നാല്‍ ഗതാഗതക്കുരുക്കിന് ഇപ്പോഴും പരിഹാരമായിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു.
 
 തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഷാജി കോടകണ്ടത് തുടങ്ങിയവര്‍ ഫയല്‍ ചെയ്ത ഹര്‍ജികളാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. കരാര്‍ പ്രകാരമുള്ള സൗകര്യങ്ങള്‍ നല്‍കാതെ ടോള്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിനെയടക്കം ചോദ്യം ചെയ്താണ് പരാതിക്കാര്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍