Diya Krishna Case: ക്യൂ ആർ കോഡ് വഴി 40 ലക്ഷത്തിൻ്റെ തട്ടിപ്പ് നടത്തി, സ്വർണവും സ്കൂട്ടറും വാങ്ങി, കുറ്റസമ്മതവുമായി പ്രതികൾ

അഭിറാം മനോഹർ

ബുധന്‍, 6 ഓഗസ്റ്റ് 2025 (10:03 IST)
നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയാ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്നും പണം തട്ടിയ കേസില്‍ 3 ജീവനക്കാര്‍ കുറ്റസമ്മതം നടത്തിയതായി പോലീസ്. കഴിഞ്ഞ ദിവസം മൂന്ന് പ്രതികളില്‍ 2 പേര്‍ പോലീസിന് മുന്നില്‍ കീഴടങ്ങിയിരുന്നു. വിനീത, രാധാകുമാരി എന്നിവരാണ് ക്രൈംബ്രാഞ്ചിന് മുന്നില്‍ കുറ്റസമ്മതം നടത്തിയത്. പ്രതികളെ സ്ഥാപനത്തിലെത്തിച്ച് നടത്തിയ തെളിവെടുപ്പിനിടെയാണ് ഇരുവരും കുറ്റസമ്മതം നടത്തിയത്.
 
ക്യൂ ആര്‍ കോഡ് വഴി 40 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. കടയിലെത്തുന്നവര്‍ക്ക് പണമയക്കാനായി ഇവരുടെ അക്കൗണ്ടിന്റെ ക്യൂ ആര്‍ കോഡ് നല്‍കിയാണ് ജീവനക്കാര്‍ പണം തട്ടിയത്. ഉപഭോക്താക്കള്‍ക്ക് കൃത്യമായ ബില്ലും ജീവനക്കാര്‍ നല്‍കിയിരുന്നില്ല. അതേസമയം കടയില്‍ നിന്നും ലഭിക്കുന്ന പണം ഇവര്‍ ദിയാ കൃഷ്ണയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. വിനീത, രാധാകുമാരി, ദിവ്യ എന്നിവര്‍ അവരവരുടെ അക്കൗണ്ടിലേക്ക് തന്നെയാണ് പണം സ്വീകരിച്ചിരുന്നത്. പിന്നീട് ഇത് മൂവരും പങ്കിട്ടെടുക്കുകയായിരുന്നു.
 
തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണമുപയോഗിച്ച് പ്രതികള്‍ സ്‌കൂട്ടറും സ്വര്‍ണവും വാങ്ങിയതായി അന്വേഷണസംഘത്തിന് മുന്നില്‍ സമ്മതിച്ചു. സ്‌കൂട്ടറും സ്വര്‍ണവും കണ്ടുകെട്ടുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. രാധയുടെ ഭര്‍ത്താവിന്റെ കയ്യിലിരുന്ന സ്‌കൂട്ടര്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സ്ഥാപനത്തില്‍ നിന്നും ക്യൂ ആര്‍ കോഡ് ഉപയോഗിച്ച് 69 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കൃഷ്ണകുമാര്‍ നല്‍കിയ പരാതി. ഇത് ശരിവെയ്ക്കുന്നതാണ് 3 ജീവനക്കാരികളുടെയും ബാങ്ക് രേഖകള്‍. ദിയാ കൃഷ്ണയുടെ വിവാഹത്തിന് ശേഷം കടയിലെ കാര്യങ്ങള്‍ നോക്കിയിരുന്നത് ജീവനക്കാരികളായിരുന്നു. അതേസമയം കേസില്‍ പിടിനല്‍കാത്ത ദിവ്യക്കായുള്ള അന്വേഷണത്തിലാണ് പോലീസ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍