സര്‍ക്കാര്‍ ചിലവുകള്‍ക്ക് ആവശ്യമായ ധന അനുമതി ബില്‍ വീണ്ടും സെനറ്റില്‍ പരാജയപ്പെട്ടതോടെ അമേരിക്കയിലെ സര്‍ക്കാര്‍ ഷട്ട് ഡൗണ്‍ ഒന്‍പതാം ദിവസവും തുടരുന്നു. ഷട്ട് ഡൗണ്‍ ജനജീവിതത്തെ ബാധിച്ച് തുടങ്ങിയതോടെ ജീവനക്കാരെ ഉടന്‍ പിരിച്ചുവിടുമെന്ന തീരുമാനം വൈറ്റ് ഹൗസ് മയപ്പെടുത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ തൊഴിലാളികളില്‍ 40 ശതമാനം(7,50,000) പേരെ ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിപ്പിക്കുമെന്നാണ് യുഎസില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ആശുപത്രികളിലെ മെഡിക്കല്‍ കെയര്‍ സ്റ്റാഫ്, ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ്, അതിര്‍ത്തി സംരക്ഷണ ജീവനക്കാര്‍ എന്നിങ്ങനെ എല്ലാ മേഖലകളിലും പിരിച്ചുവിടല്‍ നടക്കുകയാണ്. സര്‍ക്കാരിന്റെ ഭക്ഷ്യ സഹായ പദ്ധതികളെയും ഷട്ട് ഡൗണ്‍ ബാധിക്കും. സാമൂഹിക ആരോഗ്യ പദ്ധതികള്‍ ബാധിക്കപ്പെടുന്നതോടെ അമേരിക്കയില്‍ വലിയ വിഭാഗം ജനങ്ങള്‍ അസംതൃപ്തരാകും. അടച്ചുപൂട്ടല്‍ തുടര്‍ന്നാല്‍ എമര്‍ജന്‍സി പ്രവര്‍ത്തനങ്ങളെയും ബാധിക്കും. ഇത് ട്രംപ് ഗവണ്മെന്റിനെതിരെ പ്രക്ഷോഭമായി മാറാനും സാധ്യതയുണ്ട്.