തിരഞ്ഞെടുപ്പ് ഫലം വന്നിട്ട് 48 മണിക്കൂര്‍; ഒന്നും മിണ്ടാതെ സുകുമാരന്‍ നായര്‍

Webdunia
ചൊവ്വ, 4 മെയ് 2021 (12:59 IST)
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നിട്ട് 48 മണിക്കൂര്‍ പിന്നിട്ടു. ചരിത്രത്തില്‍ ആദ്യമായി കാലാവധി പൂര്‍ത്തിയാക്കിയ ഒരു സര്‍ക്കാരിന് തുടര്‍ഭരണം ലഭിച്ചു. എല്‍ഡിഎഫിന്റെ തുടര്‍ഭരണത്തില്‍ യാതൊന്നും പ്രതികരിക്കാതെ മതസാമുദായിക സംഘടനയായ എന്‍എസ്എസ്. വോട്ടെടുപ്പ് ദിവസം എല്‍ഡിഎഫിനെതിരെ സുകുമാരന്‍ നായര്‍ നടത്തിയ പ്രസ്താവന ഏറെ ചര്‍ച്ചയായിരുന്നു. കേരളത്തിലെ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന സുകുമാരന്‍ നായരുടെ പ്രതികരണത്തെ സിപിഎമ്മും സിപിഐയും ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിട്ട് 48 മണിക്കൂര്‍ പിന്നിട്ടിട്ടും സുകുമാരന്‍ നായരോ എന്‍എസ്എസോ ഔദ്യോഗികമായി യാതൊരു പ്രതികരണവും നടത്തിയിട്ടില്ല എന്നത് ഏറെ ചര്‍ച്ചയായിട്ടുണ്ട്. 
 
എന്നാല്‍, വോട്ടെടുപ്പ് ദിവസം സുകുമാരന്‍ നായര്‍ നടത്തിയ പ്രസ്താവനയ്ക്ക് പലിശ സഹിതം മറുപടി നല്‍കാന്‍ സിപിഎം മറന്നില്ല. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ മന്ത്രി എ.കെ.ബാലനാണ് ആദ്യ വെടി പൊട്ടിച്ചത്. നായന്മാരെല്ലാം തന്റെ പോക്കറ്റിലാണെന്ന സുകുമാരന്‍ നായരുടെ ധാരണ തെറ്റിയെന്ന് ബാലന്‍ വിമര്‍ശിച്ചു. നിരീശ്വരവാദികളും ഈശ്വരവിശ്വാസികളും തമ്മിലുള്ള പോരാട്ടമാണ് കേരളത്തില്‍ നടക്കുന്നതെന്ന് വോട്ടെടുപ്പ് ദിവസം സുകുമാരന്‍ നായര്‍ പറഞ്ഞത് ശരിയല്ലെന്നും ഇനിയെങ്കിലും സുകുമാരന്‍ നായര്‍ തെറ്റ് തിരുത്തണമെന്നും എ.കെ.ബാലന്‍ പറഞ്ഞു. 
 
സുകുമാരന്‍ നായര്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രൂക്ഷമായി പ്രതികരിച്ചു. സര്‍ക്കാര്‍ അനുകൂല മനോഭാവം ഇല്ലാതാക്കാന്‍ നടത്തിയ ശ്രമത്തില്‍ സുകുമാരന്‍ നായര്‍ വിജയിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനവികാരം അട്ടിമറിക്കാനായിരുന്നു പോളിങ് ദിനത്തിലെ അദ്ദേഹത്തിന്റെ ആഹ്വാനം എന്നും പിണറായി കുറ്റപ്പെടുത്തി.  
 

അനുബന്ധ വാര്‍ത്തകള്‍

Next Article