ഉഷ്ണതരംഗ മാപ്പിൽ ആദ്യമായി കേരളവും, വരും വർഷങ്ങളിലും ഉഷ്ണതരംഗം തുടരും

അഭിറാം മനോഹർ
വെള്ളി, 3 മെയ് 2024 (18:03 IST)
കടല്‍ ചൂട് പിടിക്കുന്ന പ്രതിഭാസം വര്‍ധിക്കുന്നതോടെ സംസ്ഥാനത്ത് അനുഭവപ്പെടുന്ന ഉഷ്ണതരംഗം വരും വര്‍ഷങ്ങളിലും തുടരാന്‍ സാാധ്യത. കടല്‍ തിളച്ചുമറിയുന്ന ദിവസങ്ങള്‍ 12 ഇരട്ടിവരെ വര്‍ധിക്കുവാന്‍ സാധ്യതയുണ്ടെന്നും ഇതോടെ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ താപനില 2.7 ഡിഗ്രി വരെ വര്‍ധിച്ചേക്കാമെന്നും പുണെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റിരിയോളജിയുടെ പഠനം വ്യക്തമാക്കുന്നു.
 
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൂട് 1950 മുതല്‍ 2020 വരെയുള്ള കാലത്ത് ഒരു ദശാബ്ദത്തില്‍ 0.12 ഡിഗ്രി സെല്‍ഷ്യസ് എന്ന തരത്തില്‍ വര്‍ധിച്ചതായി പഠനം പറയുന്നു. 2020 മുതല്‍ 2100 വരെയുള്ള ഓരോ 10 വര്‍ഷത്തിലും 0.17 മുതല്‍ 0.38 ഡിഗ്രി സെല്‍ഷ്യസ് എന്ന നിലയില്‍ താപവര്‍ധനയുണ്ടാകും. ഇത് കടല്‍ ചൂട് 28.5 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 30.7 ഡിഗ്രി സെല്‍ഷ്യസ് വരെ എന്ന തരത്തിലാക്കും. സമുദ്രതാപം 28 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തുന്നത് ചുഴലിക്കാറ്റുകളുടെ എണ്ണവും തീവ്രതയും വര്‍ധിപ്പിക്കാമെന്നും പഠനം വ്യക്തമാക്കുന്നു. നിലവില്‍ ശരാശരി 28 ദിവസമാണ് കടലിലെ താപനില പരിധിവിട്ട് ഉയരുന്നത്. ഇത് 220 മുതല്‍ 250 ദിവസമെന്ന സ്ഥിതിയിലേക്ക് മാറും. 5 ദിവസം തുടര്‍ച്ചയായി ഉഷ്ണതരംഗം അനുഭവപ്പെട്ടതോടെ കേരളം ഇതാദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണതരംഗ മാപ്പില്‍ പെട്ടു. ഒഡീഷയില്ല് 18 ദിവസമാണ് ഉഷ്ണതരംഗം രേഖപ്പെടുത്തിയത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article