എന്തിനാണ് ഇന്ത്യയില്‍ ഫാക്ടറി നിര്‍മിക്കുന്നത്, ഇന്ത്യയ്ക്ക് അവരുടെ കാര്യം നോക്കാനറിയാം, ആപ്പിള്‍ ഇന്ത്യയില്‍ ഫാക്ടറി നിര്‍മിക്കുന്നത് തടയാന്‍ ട്രംപിന്റെ ശ്രമം

അഭിറാം മനോഹർ

വ്യാഴം, 15 മെയ് 2025 (17:20 IST)
ഇന്ത്യയില്‍ ഫാക്ടറി നിര്‍മ്മിക്കരുതെന്ന് അമേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ്  ട്രംപ് ആപ്പിള്‍ സിഇഒ ടിം കുക്കിനോട് പറഞ്ഞത് ചര്‍ച്ചയാകുന്നു. ദോഹയില്‍ ഒരു ബിസിനസ് ഇവന്റില്‍ പങ്കെടുത്തപ്പോള്‍ ട്രംപ് തന്നെയാണ് ആപ്പിള്‍ സിഇഒയോട് താന്‍ പറഞ്ഞ കാര്യം വെളിപ്പെടുത്തിയത്. എനിക്ക് ടിം കുക്കിനോട് ചെറിയ പ്രശ്‌നമുണ്ട്. ഞാന്‍ നിങ്ങളെ നന്നായി നോക്കുന്നുണ്ടല്ലോ, നിങ്ങള്‍ ഇപ്പോള്‍ ഇന്ത്യയില്‍ ഫാക്ടറി നിര്‍മിക്കാന്‍ പോകുന്നുവെന്ന് കേള്‍ക്കുന്നു. അങ്ങനെ നിങ്ങള്‍ ചെയ്യരുതെന്നാണ് എനിക്ക് പറയാനുള്ളത്. അമേരിക്കന്‍ സാധനങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അവിടെ വില്‍ക്കാന്‍ ബുദ്ധിമുട്ടാണ്. ഇന്ത്യയ്ക്ക് അവരുടെ കാര്യം നോകാാന്‍ അറിയാം. എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍.
 
ചൈനയിലുള്ള ആപ്പിളിന്റെ പ്രൊഡക്ഷന്‍ ഘട്ടം ഘട്ടമായി ഇന്ത്യയിലേക്ക് മാറ്റാന്‍ ടിം കുക്ക് ശ്രമിക്കുന്നതിനിടെയാണ് ട്രംപിന്റെ പരാമര്‍ശം. ചൈനയുമായുള്ള വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ടിം കുക്ക് ആപ്പിള്‍ ഫാക്ടറികള്‍ ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങുന്നത്. അധികം വൈകാതെ തന്നെ യുഎസില്‍ വില്‍ക്കുന്ന ഐഫോണുകളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിര്‍മ്മിച്ചതായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവില്‍ ഇന്ത്യയില്‍ 3 ഫാക്റ്ററികളാണ് ആപ്പിളിനുള്ളത്. തമിഴ്നാട്ടില്‍ രണ്ടെണ്ണവും കര്‍ണാടകയില്‍ ഒന്നും.ഫോക്‌സ്‌കോണ്‍, ടാറ്റ ഗ്രൂപ്പ് എന്നിവയാണ് ഇവ നടത്തുന്നത്. എന്നാല്‍ ആപ്പിള്‍ അമേരിക്കയില്‍ ഫാക്റ്ററികള്‍ സ്ഥാപിക്കണമെന്നും ഇതിലൂടെ അവിടെ തൊഴിലവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കാമെന്നുമാണ് ട്രംപ് കരുതുന്നത്. അതേസമയം വിഷയത്തില്‍ ഇതുവരെയും ഇന്ത്യ പ്രതികരിച്ചിട്ടില്ല. മെയ്ക്ക് ഇന്ത്യ പദ്ധതിയുടെ ഭാഗമായി ആപ്പിളിന്റെ കൂടുതല്‍ ഫാക്ടറികള്‍ ഇന്ത്യയിലുണ്ടാവുക എന്നത് ഇന്ത്യയ്ക്ക് പ്രധാനമാണ്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍, ഇന്ത്യയില്‍ $22 ബില്യണ്‍ മൂല്യമുള്ള ഐഫോണുകള്‍ അസംബിള്‍ ചെയ്തതായാണ് കണക്കുകള്‍. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 60 ശതമാനം അധികമാണ്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍