ഡി വൈ എസ് പി ചമഞ്ഞ് തട്ടിപ്പ്; അന്‍പത്തിയഞ്ചുകാരന്‍ പിടിയില്‍

Webdunia
വെള്ളി, 26 ഫെബ്രുവരി 2016 (11:43 IST)
ഡി വൈ എസ് പി എന്ന വ്യാജേന നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത 55 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ജില്ലാ സാമൂഹ്യ ക്ഷേമ വകുപ്പിലെ പ്രബേഷന്‍ ഓഫീസറായ കരുനാഗപ്പള്ളി മാണിശേരി കിഴക്കേതില്‍ സജികുമാറാണു പൊലീസ് വലയിലായത്.

ഒരു മോഷണക്കേസില്‍ ജില്ലാകോടതി ശിക്ഷിച്ച അജി എന്ന വര്‍ഗീസിനെ രക്ഷിക്കാമെന്നും ഹൈക്കോടതിയില്‍ നിന്ന് നിയോഗിച്ച ഡി വൈ എസ് പിയാണു താനെന്നും പറഞ്ഞാണ് സജികുമാര്‍ അജിയുടെ മാതാവ് തങ്കമ്മയെ സമീപിച്ചത്. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ 1,12,800 രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ തങ്കമ്മ 35,000 രൂപ ആദ്യഗഡു എന്ന നിലയ്ക്ക് നല്‍കി. എങ്കിലും സംശയം തോന്നിയ ഇവര്‍ അഭിഭാഷകനെയും ബന്ധുക്കളെയും ഈ വിവരം അറിയിച്ചു.

കഴിഞ്ഞ ദിവസം രാവിലെ ബാക്കി തുക വാങ്ങാന്‍ കാറിലെത്തിയ  സജി കുമാറിനെ കട്ടപ്പന ഡി വൈ എസ് പി പി കെ ജഗദീഷും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. സാമൂഹ്യ ക്ഷേമ വകുപ്പിലെ പ്രബേഷന്‍ ഓഫീസര്‍ എന്ന നിലയില്‍ വിവരങ്ങള്‍ മനസിലാക്കി കേസിലെ പ്രതികളില്‍ നിന്ന് പണം വാങ്ങിയ കേസില്‍ ഇയാള്‍ മുമ്പും പിടിയിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.