നടൻ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം അടഞ്ഞ അധ്യായമാണെന്ന സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. താരത്തിന്റെ മരണത്തിന്‍റെ ഒന്നാം ചരമവാർഷികവുമായി ബന്ധപ്പെട്ട് ചാലക്കുടി നഗരസഭ സംഘടിപ്പിച്ച ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
ചില ശീലങ്ങളിൽ നിന്നും മാറിനിന്നിരുന്നുവെങ്കിൽ മണി ഇത്ര ചെറുപ്രായത്തിൽ മരിക്കില്ലായിരുന്നു. താരപദവി ലഭിച്ചാൽ ദന്തഗോപുരങ്ങളിൽ ഇരിക്കുന്ന ചില താരങ്ങളോ പോലെയായിരുന്നില്ല അദ്ദേഹം. സാധാരണക്കാരനെ പോലെയാണ് അദ്ദേഹം ജീവിച്ചിരുന്നത് എന്ന് ഓർമിക്കപ്പെടേണ്ടതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ ചാലക്കുടിയില്‍ നടത്തുന്ന നിരാഹാരം അനിശ്ചിതകാലത്തേക്ക് നീട്ടി. മണിയുടെ മരണത്തിന്‍റെ സത്യാവസ്ഥ അറിയും വരെയാണ് നിരാഹാരം എന്നാണ് അറിയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ശ്രദ്ധേയമാണ്.