ആലപ്പുഴ മാന്നാറിലെ കലയുടെ കൊലപാതകത്തില്‍ പ്രതികരണവുമായി മകന്‍ രംഗത്ത്. അമ്മ ജീവനോടെയുണ്ടെന്നും പൊലീസ് പറയുന്നത് കള്ളമാണെന്നും കലയുടെ മകന്‍ പറഞ്ഞു. അമ്മ ജീവനോടെയുണ്ടെന്ന് അച്ഛന്‍ തന്നോടു പറഞ്ഞിട്ടുണ്ടെന്നാണ് കലയുടെ മകന്‍ പ്രതികരിച്ചത്. കലയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് അനില്‍ ആണ് ഒന്നാം പ്രതി.
' ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല. അമ്മ ജീവനോടെയുണ്ട്. അത് എനിക്കറിയാം. ഇവിടെ ഇത്രയധികം പരിശോധന നടത്തിയിട്ട് എന്തെങ്കിലും കിട്ടിയോ? മുടിയൊക്കെയാണ് കിട്ടിയത്. പൊലീസ് പറയുന്നതെല്ലാം കള്ളമാണ്. അമ്മ ജീവനോടെയുണ്ട്. ഞാന്‍ അമ്മയെ കൊണ്ടുവരും, നീ ഒന്നും പേടിക്കണ്ട, അവര്‍ നോക്കിയിട്ട് പോകട്ടെ എന്നാണ് അച്ഛന്‍ പറഞ്ഞത്. ഞാന്‍ എന്തിനാണ് പേടിക്കുന്നത്? അച്ഛനു കുറേ കടമൊക്കെയുണ്ട്. അതോണ്ട് നാട്ടിലേക്ക് വരുമോയെന്ന് അറിയില്ല,' കലയുടെ മകന്‍ പറഞ്ഞു.
അതേസമയം മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ കല കൊല്ലപ്പെട്ടതായാണ് പൊലീസ് നിഗമനം. ശ്രീകല എന്ന കലയെ പരപുരുഷ ബന്ധം സംശയിച്ച് ഭര്‍ത്താവ് അനിലാണ് കൊലപ്പെടുത്തിയത്. 2009 ലാണ് കൊലപാതകം നടന്നത്. നാല് പ്രതികളാണ് കേസില്‍ ഉള്ളതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ജിനു, സോമന്‍, പ്രമോദ് എന്നിവരാണ് രണ്ടും മൂന്നും നാലും പ്രതികള്‍. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. നിലവില്‍ ഇസ്രയേലിലാണ് ഒന്നാം പ്രതി അനില്‍ ഉള്ളത്. ഇയാളെ നാട്ടിലേക്കു കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചതായി എസ്.പി ചൈത്ര തെരേസ ജോണ്‍ പറഞ്ഞു.
അനിലും മറ്റു പ്രതികളും ചേര്‍ന്ന് കലയെ കൊലപ്പെടുത്തിയ ശേഷം മാരുതി കാറില്‍ മൃതദേഹം കൊണ്ടുപോയി മറവു ചെയ്തു. പിന്നീട് തെളിവുകളെല്ലാം നശിപ്പിച്ചു. കല കുഞ്ഞിനേയും ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം പോയെന്നാണ് അനിലും കുടുംബവും പ്രചരിപ്പിച്ചത്. നാട്ടുകാര്‍ ഇത് വിശ്വസിക്കുകയും ചെയ്തു. കലയുടെ വീട്ടുകാരും പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. ഇപ്പോള്‍ 15 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കലയുടെ തിരോധാനത്തിന്റെ ചുരുളുകള്‍ അഴിയുന്നത്.
മൂന്ന് മാസം മുന്‍പ് അമ്പലപ്പുഴ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിലാണ് കലയുടെ തിരോധാനം അന്വേഷിക്കാന്‍ ആരംഭിച്ചത്. അനിലിന്റെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കില്‍ നിന്ന് യുവതിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. സെപ്റ്റിക് ടാങ്കില്‍ നിന്ന് ഒരു സ്ത്രീയുടേതെന്ന് കരുതുന്ന ഒരു ലോക്കറ്റും ക്ലിപ്പും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.