സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി കെ.വി.അബ്ദുള്‍ ഖാദറിനെ (58) തിരഞ്ഞെടുത്തു. നിലവില്‍ തൃശൂര്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗവും എല്‍ഡിഎഫ് ജില്ലാ കണ്‍വീനറുമാണ്. പ്രവാസി സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി, പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ എന്നീ ചുമതലകളും വഹിക്കുന്നു.
എം.എം.വര്‍ഗീസിന്റെ പിന്‍ഗാമിയായാണ് കെ.വി.അബ്ദുള്‍ ഖാദര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കു എത്തുന്നത്. 2006 മുതല്‍ 2021 വരെ മൂന്ന് ടേമുകളിലായി ഗുരുവായൂര്‍ എംഎല്‍എ ആയിരുന്നു അബ്ദുള്‍ ഖാദര്‍.
യുവജന പ്രസ്ഥാനങ്ങളിലൂടെ പാര്‍ട്ടിയിലെത്തിയ അബ്ദുള്‍ ഖാദര്‍ 1991 ല്‍ സിപിഎം ചാവക്കാട് ഏരിയ കമ്മറ്റിയംഗമായി. 1997 പാര്‍ട്ടി ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് എത്തി. പിന്നീടാണ് ജില്ലാ കമ്മിറ്റിയിലും ജില്ലാ സെക്രട്ടറിയേറ്റിലും എത്തിയത്.