Sunita Williams: സുനിത ഭൂമി തൊട്ടു; എല്ലാം ശുഭം

രേണുക വേണു

ബുധന്‍, 19 മാര്‍ച്ച് 2025 (08:42 IST)
Sunita Williams - Back to earth

Sunita Williams: 286 ദിവസങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസും സംഘവും ഭൂമിയില്‍. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.40 നാണ് ഇവരെ വഹിച്ചുകൊണ്ട് സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ9 പേടകം ഫ്‌ളോറിഡ തീരത്തിനു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഗള്‍ഫ് ഓഫ് അമേരിക്കയില്‍ ലാന്‍ഡ് ചെയ്തത്. ബുച്ച് വില്‍മോര്‍, നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നീ ബഹിരാകാശ യാത്രികരായിരുന്നു സുനിതയ്ക്ക് ഒപ്പമുണ്ടായിരുന്നത്. 
 
നേവി സീലിന്റെ ബോട്ടിലാണ് കടല്‍പരപ്പിലിറങ്ങിയ പേടകത്തെ എംവി മേഗന്‍ എന്ന റിക്കവറി ഷിപ്പിലേക്ക് മാറ്റിയത്. പേടകത്തിന്റെ വാതില്‍ തുറന്ന ശേഷം സുനിതയടക്കമുള്ളവരെ പ്രത്യേക സ്ട്രച്ചറില്‍ മെഡിക്കല്‍ പരിശോധനകള്‍ക്കായി കൊണ്ടു പോയി. 
 
ഒന്‍പത് മാസത്തിലേറെയായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിയുകയായിരുന്ന ഇവര്‍ ഭൂമിയിലേക്കുള്ള യാത്ര ആരംഭിച്ചത് ഇന്നലെയാണ്. ഒരാഴ്ചത്തെ ദൗത്യത്തിനായി ബഹിരാകാശ നിലയത്തില്‍ പോയ സുനിത വില്യംസും ബുച്ച് വില്‍മോറും അവിടെ കുടുങ്ങുകയായിരുന്നു. 

Take a bow! What an incredible moment!! Welcome Sunita Williams after 286 days in space, completing 4,577 orbits around Earth! You have just achieved an impossible. #SunitaWilliams #sunitawilliamsreturn #SunitaReturns pic.twitter.com/znfHPpA8M6

— MANOJ TIWARY (@tiwarymanoj) March 19, 2025
ഇന്നലെ രാവിലെ പത്തരയ്ക്കും പതിനൊന്നിനും ഇടയിലാണ് യാത്രാപേടകം ബഹിരാകാശ നിലയവുമായുള്ള ബന്ധം വേര്‍പ്പെടുത്തുന്ന അണ്‍ഡോക്കിങ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ഡ്രാഗണ്‍ പേടകത്തെ ഐഎസ്എസുമായി ബന്ധപ്പെടുത്തുന്ന കവാടം അടയ്ക്കുന്ന ഡോച്ചിങ്ങും വിജയമായിരുന്നു. അതിനുശേഷം 17 മണിക്കൂര്‍ യാത്ര പൂര്‍ത്തിയാക്കിയാണ് ഇപ്പോഴത്തെ ലാന്‍ഡിങ്. 2024 ജൂണ്‍ 5ന് ആണ് സുനിതയും ബുച്ച് വില്‍മോറും നിലയത്തിലെത്തിയത്. ഇവരെത്തിയ ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിനു തകരാര്‍ സംഭവച്ചതിനാലാണു മടക്കയാത്ര നീണ്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍