130 കേസുകള്‍, 60 ല്‍ കൂടുതല്‍ തവണ പിഴ; 'ചീറ്റപ്പുലി' ബസ് എംവിഡി പിടിച്ചെടുത്തു

രേണുക വേണു

ബുധന്‍, 19 മാര്‍ച്ച് 2025 (09:45 IST)
Bus Seized

കോഴിക്കോട് - കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് 'ചീറ്റപ്പുലി'ക്ക് ബ്രേക്കിട്ട് മോട്ടോര്‍ വാഹന വകുപ്പ്. തുടര്‍ച്ചയായി നിയമലംഘനങ്ങള്‍ നടത്തുന്ന ബസിനെ ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എംവിഡി പിടിച്ചെടുത്തു. ഇന്നലെ കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ബസ് കസ്റ്റഡിയിലെടുത്തത്. 
 
130 കേസുകളില്‍ പ്രതിയായ ബസാണിത്. നിയമലംഘനങ്ങള്‍ക്കു 60 ല്‍ കൂടുതല്‍ തവണ പിഴയടയ്‌ക്കേണ്ടി വന്നിട്ടുണ്ട്. 'ചീറ്റപ്പുലി' ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനും തീരുമാനമായി. 'ചീറ്റപ്പുലി റോഡില്‍ വേണ്ട, കാട്ടില്‍ മതി'യെന്ന് ബസ് പിടിച്ചെടുത്ത ശേഷം മന്ത്രി ഗണേഷ് കുമാര്‍ പ്രതികരിച്ചു. 
 
വടകര ആര്‍ടിഒയില്‍ റജിസ്റ്റര്‍ ചെയ്ത ബസാണ് ചീറ്റപ്പുലി. 130 കേസുകളാണ് മാസങ്ങളായി നിയമ ലംഘനം നടത്തിയതിന് ഈ ബസിനെതിരെ മോട്ടര്‍ വാഹന വിഭാഗം ചുമത്തിയത്. എന്നാല്‍ പിഴ അടയ്ക്കാതെ ബസ് വീണ്ടും സര്‍വീസ് നടത്തിയതിനെ തുടര്‍ന്നാണ് ബസ് കസ്റ്റഡിയിലെടുക്കാന്‍ തീരുമാനമായത്. 60 കേസില്‍ ബസ് ഇതുവരെ പിഴ അടച്ചു. പിഴ പൂര്‍ണമായും അടച്ചാല്‍ വിട്ടുകൊടുക്കുമെന്നു മോട്ടര്‍ വാഹന വിഭാഗം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍