സംസ്ഥാനത്തെ പ്രധാനപ്പെട്ട പുണ്യസ്ഥലങ്ങളിലെല്ലാം താമര വിരിഞ്ഞതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പന്തളത്ത് നഗരസഭ ഭരണം നേടിയ ബിജെപി ജനപ്രതിനിധികള്‍ക്കുള്ള അനുമോദനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതേസമയം ജയ്ശ്രീരാം എങ്ങനെയാണ് മതേതര വിരുദ്ധമാകുന്നതെന്നും ഭഗവാന്റെ നാമം മതേതരത്വത്തെ തകര്‍ക്കുന്നത് എങ്ങനെയാണെന്നും സുരേന്ദ്രന്‍ ചോദിച്ചു. രാമന്റെ നാമവും ചിത്രവും അപമാനിക്കാൻ ശ്രമിക്കുന്നത് ഈ രാജ്യത്ത് വിലപ്പോവില്ല. പാർലമെന്റിനകത്ത് പോലും ജയ് ശ്രീറാം വിളികളുയരുന്ന കാലമാണിതെന്ന് മറക്കേണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിൽ നടക്കുന്നത് ദേശീയവാദികളും ദേശീയവിരുദ്ധരും തമ്മിലുള്ള പോരാട്ടമാണ്. 1200 സീറ്റുകളിൽ ബിജെപിയെ തോൽപ്പിക്കാൻ ഇരുമുന്നണികളിലെ മതതീവ്രവാദികളും ഒന്നിച്ചു. ഇരുമുന്നണികളും ബിജെപിക്കെതിരെ കൈക്കോർത്തത് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ വളര്‍ച്ചയാണ് കാണിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിലെ പ്രധാനപുണ്യസ്ഥലങ്ങളായ തിരുവല്ലം പരശുരാമ ക്ഷേത്രം, ശ്രീപദ്മനാഭന്റെ സന്നിധി, പന്തളം, ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന വാര്‍ഡ്, ചെങ്ങന്നൂര്‍ ദേവീക്ഷേത്രം, ഗുരുവായൂര്‍ ക്ഷേത്രം ശിവഗിരി, പെരുന്ന, അയ്യങ്കാളി സ്മൃതി മന്ദിരം തുടങ്ങിയ സ്ഥലങ്ങളില്‍ ബി.ജെ.പിയാണ് ജയിച്ചതെന്ന് സുരേന്ദ്രൻ പറഞ്ഞു.