ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

Webdunia
തിങ്കള്‍, 12 ജൂലൈ 2021 (15:50 IST)
കേരളം പൊട്ടക്കിണറ്റിലെ തവളയെന്ന് കിറ്റെക്‌സ് എംഡി സാബു ജേക്കബ് 
 
മറ്റു സംസ്ഥാനങ്ങളില്‍ എന്തു നടക്കുന്നുവെന്ന് കേരളം അറിയുന്നില്ലെന്ന് കിറ്റെക്‌സ് എംഡി സാബു ജേക്കബ്. തെലങ്കാനയില്‍ കണ്ടത് രാഷ്ട്രീയ നേതാക്കളെയല്ല, സിഇഒയെ കണ്ട പ്രതീതിയായിരുന്നു. ഏത് പ്രശ്‌നത്തിനും ഉടന്‍ പരിഹാരം സ്വീകരിക്കുന്ന പ്രൊഫഷണല്‍ സമീപനമാണ് തെലങ്കാനയിലെ മന്ത്രിയുടേതെന്നും സാബു പറഞ്ഞു. കേരളം പൊട്ടക്കിണറ്റിലെ തവളയെന്നും സാബു പരിഹസിച്ചു. 
 
അഭയ കേസ് പ്രതികളുടെ പരോള്‍; സര്‍ക്കാരിന് നോട്ടിസ് 
 
അഭയ കേസിലെ പ്രതികള്‍ക്ക് ചട്ടവിരുദ്ധമായി പരോള്‍ അനുവദിച്ചു എന്നാരോപിച്ച് നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടിസ്. സര്‍ക്കാരിന് പുറമേ ജയില്‍ ഡിജിപിക്കും പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍ സിസ്റ്റര്‍ സെഫി എന്നിവര്‍ക്കും ഹൈക്കോടതി നോട്ടിസ് അയച്ചു. സി.ബി.ഐ കോടതി ശിക്ഷിച്ച് അഞ്ചു മാസം തികയും മുന്‍പ് പരോള്‍ അനുവദിച്ചത് നിയമ വിരുദ്ധമാണെന്നാണ് ഹര്‍ജിയിലെ ആരോപണം.
 
മിക്‌സ്ചര്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നാം ക്ലാസുകാരി മരിച്ചു 
 
മിക്സ്ചര്‍ തൊണ്ടയില്‍ കുടുങ്ങി ആറു വയസുകാരിക്ക് ദാരണാന്ത്യം. തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി നിവേദിതയാണ് മരിച്ചത്. ഓട്ടോ ഡ്രൈവറായ അച്ഛന്‍ വീട്ടിലേക്ക് മിക്സ്ചര്‍ വാങ്ങികൊണ്ടുവന്നിരുന്നു. കളിക്കുന്നതിനിടെ അച്ഛന്‍ കൊണ്ടുവന്ന മിക്സ്ചറില്‍ നിന്ന് കുറച്ചെടുത്ത് കുട്ടി കഴിച്ചു. രണ്ട് മിനിറ്റ് കഴിഞ്ഞപ്പോള്‍ കുട്ടി ചുമയ്ക്കാന്‍ തുടങ്ങി. ശ്വാസതടസം നേരിട്ടപ്പോള്‍ നിവേദിതയെയും കൊണ്ട് മാതാപിതാക്കള്‍ ആശുപത്രിയിലേക്ക് പോയി. ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. 
 
മദ്യം വാങ്ങാന്‍ ഓണ്‍ലൈന്‍ പേയ്മെന്റ്, പുതിയ സംവിധാനവുമായി ബെവ്കോ
 
ബെവ്കോയുടെ മദ്യവില്‍പനശാലകളില്‍ നിന്നും മദ്യം ഓണ്‍ലൈന്‍ വാങ്ങുന്നതിന് ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനം ഒരുങ്ങുന്നു. ബെവ്കോ ഔട്ട്ലറ്റുകള്‍ക്ക് മുന്‍പിലുള്ള തിരക്കിനെയും നീണ്ട നിരയേയും ഹൈക്കോടതി നിശിതമായി വിമര്‍ശിച്ച പശ്ചാത്തലത്തിലാണ് ബെവ്‌കോ പുതിയ സംവിധാനം ഒരുക്കുന്നത്. ബെവ്‌കോ വെബ് സൈറ്റില്‍ ഇഷ്ട ബ്രാന്‍ഡ് തെരഞ്ഞെടുത്ത് ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്തി മദ്യം വാങ്ങാനാണ് സൗകര്യമൊരുക്കുക. വെബ്സൈറ്റില്‍ ഇഷ്ടബ്രാന്‍ഡ് തിരെഞ്ഞെടുത്ത് പണമടക്കാന്‍ സംവിധാനമുണ്ടാകും.
 
കേരളത്തില്‍ മഴ തുടരും 
 
കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ (യെല്ലോ അലേര്‍ട്ട്) കൊണ്ട് അര്‍ത്ഥമാക്കുന്നത്.
 
 
രേഷ്മ കൂടുതല്‍ പേരോട് ചാറ്റ് ചെയ്തിരുന്നതായി പൊലീസ് 
 
കൊല്ലം ചാത്തന്നൂരില്‍ കരിയിലക്കൂട്ടത്തില്‍ കണ്ടെത്തിയ നവജാത ശിശു മരിച്ച കേസില്‍ കൂടുതല്‍ ട്വിസ്റ്റ്. പ്രതിയും കുട്ടിയുടെ അമ്മയുമായ രേഷ്മ കൂടുതല്‍ ആണ്‍സുഹൃത്തുക്കളോട് ഫെയ്‌സ്ബുക്ക് വഴി ചാറ്റ് ചെയ്തിരുന്നു. രേഷ്മ ചാറ്റ് ചെയ്തിരുന്ന ആണ്‍സുഹൃത്തുക്കളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം നടത്തുകയാണ്. 
 
ഇറ്റലി യൂറോ ചാംപ്യന്‍മാര്‍ 
 
ആതിഥേയരായ ഇംഗ്ലണ്ടിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് ഇറ്റലി യൂറോ കപ്പ് ചാംപ്യന്‍മാര്‍. ഫൈനലില്‍ നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ചു. അതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്. ഷൂട്ടൗട്ടില്‍ 3-2 നാണ് ഇറ്റലിയുടെ വിജയം 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article